തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കി. നിരക്ക് വര്‍ധിപ്പിക്കണമെന്ന ഇടതുമുന്നണിയുടെ ശുപാര്‍ശയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി. വിദ്യാർഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. സ്ലാബ് അടിസ്ഥാനത്തില്‍ നേരിയ വർധനവുണ്ടാകും. മൂന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് നിരക്ക് വർധിക്കുന്നത്.മാർച്ച് 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം വർധനയില്‍ തൃപ്തരല്ലെന്ന് ബസുടമകള്‍ അറിയിച്ചു. മിനിമം ചാർജ് 10 രൂപയാക്കണം. ചാർജ് വർധിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നിർബന്ധിതരാകുമെന്നും ബസുടമകള്‍ അറിയിച്ചു.

സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് നിരക്കുവര്‍ധനയ്ക്ക് അനുമതി നല്‍കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽ നിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

മിനിമം ബസ് ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here