കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരിയെയും റിജിന്‍ രാജിനെയും കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരെ  കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. പ്രാദേശിക നേതൃത്വത്തിന്റെ നിർദേശത്തിലാണ് കൊലപാതകമെന്ന് ആകാശ് മൊഴി നൽകിയിരുന്നു.

അതേസമയം കേസില്‍ അഞ്ച് പേര്‍ കൂടി ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിലുള്‍പ്പെട്ടവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊലയിൽ നേരിട്ട് പങ്കെടുത്തവരെയും കസ്റ്റ‍‍ഡിയിലെടുത്തതായിട്ടാണു വിവരം. കർണാടകയിൽനിന്നാണ് ഇവരിൽ ചിലരെ പിടികൂടിയത്.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിന് എത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്. ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന നൗഷാദ് ചെറുത്തു നിന്നതു പ്രതികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പോയ ഷുഹൈബിനെ അക്രമിസംഘം പിന്നീടു തുരുതുരാ വെട്ടുകയായിരുന്നുവെന്നുമാണു പൊലീസ് നിഗമനം.

അക്രമി സംഘത്തിലെ മൂന്നാമന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. കേസില്‍ സിപിഐഎമ്മിന്റെ പ്രാദേശിക ഭാരവാഹികളും പ്രതിയാകുമെന്നു സൂചനയുണ്ട്. ഒരു ഭാരവാഹി നേരിട്ടു വന്നാണു ക്വട്ടേഷന്‍ നല്‍കിയതെന്ന് ആകാശിന്റെ മൊഴിയിലുണ്ട്. പ്രതികള്‍ ഉപയോഗിച്ച വെള്ള വാഗണ്‍ ആര്‍ കാര്‍ തളിപ്പറമ്പില്‍ നിന്ന് ആകാശ് തന്നെ വാടകയ്‌ക്കെടുത്തതാണെന്നും വ്യക്തമായിട്ടുണ്ട്. കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here