cpm-flag2.jpg.image.784.410

 

തിരുവനന്തപുരം∙ അവലോകന റിപ്പോർട്ട് നൽകാത്ത ഏരിയാ കമ്മിറ്റികൾക്കു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിമർശനം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ടുള്ള സുപ്രധാന ഏരിയാ കമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ട് നേതൃത്വത്തിനു സമർപ്പിക്കുന്നതിലാണു വലിയൊരു വിഭാഗം ഏരിയാ കമ്മിറ്റികളും വീഴ്ചവരുത്തിയത്. ആകെയുള്ള 205 കമ്മിറ്റികളിൽ റിപ്പോർട്ട് നൽകിയത് 68 എണ്ണം മാത്രം.

പാലക്കാട്ടെ പ്ലീനം തീരുമാനങ്ങളുടെ അവലോകനത്തിനായി ആലപ്പുഴ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ജൂലൈ 24,25,26 തീയതികളിലായി കേരളത്തിലെ മുഴുവൻ ഏരിയാ കമ്മിറ്റികളും വിളിച്ചുചേർത്തിരുന്നു. പൊളിറ്റ് ബ്യൂറോയിലുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വരെ ഇതിൽ പങ്കെടുത്തു. ഈ മാസം 13,14 തീയതികളിലെ സംസ്ഥാന കമ്മിറ്റി യോഗത്തിനു മുൻപായി ഈ ചർച്ചയുടെ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ കോട്ടയം ജില്ലയിൽ നിന്നു മാത്രമാണു മുഴുവൻ ഏരിയാ കമ്മിറ്റികളുടെയും റിപ്പോർട്ട് ലഭിച്ചത്.

റിപ്പോർട്ട് നൽകാത്ത കമ്മിറ്റികളുടെ കണക്ക്: തിരുവനന്തപുരം–16, കൊല്ലം– ആറ്, പത്തനംതിട്ട– ഒൻപത്, ആലപ്പുഴ– 11, ഇടുക്കി–13, എറണാകുളം–14, തൃശൂർ –11, പാലക്കാട്–ഏഴ്, മലപ്പുറം–14,കോഴിക്കോട്– 10, വയനാട്– നാല്, കണ്ണൂർ –13, കാസർകോട്–ഒൻപത്. ഏരിയാ സെക്രട്ടറിയുടെ വക റിപ്പോർട്ടും മേൽനോട്ടം വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വക മറ്റൊരു റിപ്പോർട്ടുമാണു നേതൃത്വം തേടിയിരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തും സമാനമായ വീഴ്ച ഉണ്ടായി. 205ൽ 93 ഏരിയാ കമ്മിറ്റികളിൽ പങ്കെടുത്തവർ മാത്രമാണു റിപ്പോർട്ട് നൽകിയത്. ചികിൽസയിലായിരുന്ന പി. ജയരാജൻ ഒഴികെ മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിശ്ചയിച്ചപ്രകാരം യോഗങ്ങളിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here