police.jpg.image.784.410

തിരുവനന്തപുരം∙ ‘അദർ ഡ്യൂട്ടി’ എന്ന പേരിൽ ജോലി ചെയ്യാതിരിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലി ചെയ്യുന്നവരുമായ പൊലീസുകാർ ഉടൻ മാതൃ യൂണിറ്റുകളിലേക്കു മടങ്ങണമെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ ഉത്തരവിട്ടു. ഇത്തരത്തിൽ ജോലി തുടരുന്നവരുടെ ശമ്പളം ഈ മാസം 31നു ശേഷം പ്രത്യേക ഉത്തരവില്ലാതെ തടയും. മന്ത്രിമാർ അടക്കമുള്ളവരുടെ വിഐപി സുരക്ഷ എന്ന പേരിൽ അധികമായി നിയോഗിച്ച 100 കമാൻഡോകളെ പാണ്ടിക്കാട് ആർആർഎഫിലേക്കു മടക്കി അയച്ചിട്ടുണ്ട്. സ്വന്തം സെക്യൂരിറ്റി എന്ന പേരിൽ അഞ്ചും പത്തും പൊലീസുകാരെ ഒപ്പം നിർത്തിയിരുന്ന പല ഉന്നത ഐപിഎസുകാരും ഇവരെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ‍ഡിജിപി വഴങ്ങിയിട്ടില്ല.

ക്യാംപ് ഫോളോവേഴ്സ് എന്ന പേരിൽ 15 വർഷത്തിലധികമായി ഒരേ ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലി ചെയ്യുന്നവർപോലുമുണ്ട്. ഇവരെയെല്ലാം മടക്കിവിളിക്കാൻ നിർദേശിച്ചു. ഇവർ ബന്ധപ്പെട്ട ബറ്റാലിയനിലേക്കു മടങ്ങിയില്ലെങ്കിൽ ശമ്പളം തടയും. മാത്രമല്ല, ഈ തുക ഇവരെ നിർത്തുന്ന ഉദ്യോഗസ്ഥൻ നൽകണമെന്നും അതിനു പുറമെ അച്ചടക്ക നടപടിയെടുക്കുമെന്നും ഡിജിപി സർക്കുലറിൽ മുന്നറിയിപ്പു നൽകി. പൊലീസ് ആസ്ഥാനത്ത് ഉത്തരവില്ലാതെ ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ ഒട്ടിനിന്ന 55 പേരെ സ്വന്തം യൂണിറ്റിലേക്കു തിരിച്ചയച്ചു. ലെയ്സൺ ഓഫിസർ എന്ന പേരിൽ മറ്റു ജില്ലകളിൽ നിന്നു സ്വാധീനം ഉപയോഗിച്ചു പൊലീസ് ആസ്ഥാനത്തു ചുറ്റിയടിച്ച 20 പേരെയും മടക്കിവിട്ടു.

പൊലീസ് സ്റ്റേഷനുകളിൽ കേസ് അന്വേഷണത്തിനും ക്രമസമാധാന പരിപാലനത്തിനും നിയോഗിക്കേണ്ടവരെ ‘അദർ ഡ്യൂട്ടി’ എന്ന പേരിൽ മറ്റു ജോലി ചെയ്യിക്കുന്നതു മലയാള മനോരമ കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു. അരലക്ഷത്തോളം അംഗസംഖ്യയുള്ള പൊലീസ് സേനയിൽ പതിമൂവായിരത്തോളം പൊലീസുകാരെയാണ് മറ്റു ഡ്യൂട്ടിക്കും പൊലീസിന്റെ വിവിധ പദ്ധതികൾക്കുമായി തസ്തിക സൃഷ്ടിക്കാതെ നിയോഗിച്ചിരിക്കുന്നത്. കൺട്രോൾ റൂമുകൾ, ഹെൽപ്പ് ലൈനുകൾ, ഹൈടെക്ക് സെൽ, സൈബർ സെൽ എന്നിവിടങ്ങളിലൊന്നും പുതിയ തസ്തിക സൃഷ്ടിക്കാതെ സ്റ്റേഷനുകളിൽ പൊലീസുകാരെ നിയമിച്ചിട്ടുണ്ട്. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കെഡറ്റ് തുടങ്ങി പുതിയ പദ്ധതികൾക്കും കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

മന്ത്രിമാർക്കും വിഐപി സെക്യൂരിറ്റിക്കും ട്രഷറി ഗാർഡ് ഡ്യൂട്ടിക്കുമായി 150 കമാൻഡോകളെയാണു തിരുവനന്തപുരത്തു മാത്രം നിയോഗിച്ചിരുന്നത്. ഇവരിൽ 100 പേർ അധികമാണെന്നു കണ്ടെത്തിയാണു കഴിഞ്ഞദിവസം മലപ്പുറത്തേക്കു മടക്കിയത്. ജഡ്ജിമാർക്കു സെക്യൂരിറ്റിക്കായി 52 പേരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. എന്നാൽ, നൂറിലേറെപ്പേരെ ഉത്തരവില്ലാതെ നിയോഗിച്ചിട്ടുണ്ട്. ഇവരെ മടക്കാൻ ക്രൈംബ്രാഞ്ച് മേധാവിയോടു നിർദേശിച്ചിട്ടുണ്ട്.

∙ ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തു

പൊലീസിലെ ആൾക്ഷാമം പരിഹരിക്കാൻ 3000 കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ പൊലീസ് ആസ്ഥാനത്തു നിന്നു പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തതായി ഡിജിപി ടി.പി. സെൻകുമാർ അറിയിച്ചു. പൊലീസിലെ ഒഴിവുകൾ രണ്ടു വർഷമായി പിഎസ്‌സിക്കു റിപ്പോർട്ടു ചെയ്തിരുന്നില്ല. ഇതു സേനയിൽ ആൾക്ഷാമം രൂക്ഷമാക്കി. വനിതകൾ അടക്കം 3000 ഒഴിവുകളാണ് ഇപ്പോൾ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തത്. ബറ്റാലിയനുകളിലെ ഒഴിവുകൾ 2500 ആണെന്നു കണ്ടെത്തി. പുതിയ സേനാംഗങ്ങളുടെ പരിശീലനം അടുത്ത മാസം ആരംഭിക്കുമെന്നും ഡിജിപി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here