nia-hizbul-phone-1.jpg.image.784.410

ന്യൂ‍ഡൽഹി∙ ഇന്ത്യയിലെ ഭീകരപ്രവർത്തനത്തിന് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഹിസ്ബുൽ മുജാഹിദ്ദീൻ തലവൻ സയിദ് സലാഹുദ്ദീനും ശ്രീനഗറിലെ ജയിലിൽ തടവിലായിരിക്കുന്ന ഭീകരനും തമ്മിലുള്ള ഫോൺ സംഭാഷണം എൻഐഎ ചോർത്തി. ജയിലഴിക്കുള്ളിലുള്ള ഭീകരൻ മൻസൂർ അഹമ്മദ് വാനിയുമായാണ് സലാഹുദ്ദീൻ സംസാരിക്കുന്നത്. ഭീകരർക്കു വേണ്ടി കേസ് വാദിക്കാൻ അഭിഭാഷകനുള്ള പണം എത്തിച്ചു നൽകണമെന്നാണ് ആ‌വശ്യം. പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

കേസ് വാദിക്കുന്നതിനായി അഭിഭാഷകനു നൽകാൻ നാലു ലക്ഷം രൂപ സംഘടിപ്പിച്ചു തരണമെന്നാണ് വാനി, സലാഹുദ്ദീനോട് ആവശ്യപ്പെടുന്നത്. തന്റെ കൂട്ടത്തിലുള്ള ഒൻപതുപേരാണ് ജയിലുള്ളതെന്നും ഇവരെ പുറത്തിറക്കുന്നതിന് മുതിർന്ന അഭിഭാഷകനെ വേണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. അതേസമയം, ഇക്കാര്യത്തെക്കുറിച്ചു പരിഭ്രമിക്കേണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സലാഹുദ്ദീൻ പറയുന്നുണ്ട്.

ഉത്തരവാദിത്തപ്പെട്ട ആളുമായി താൻ സംസാരിച്ചെന്നും പൂർണമായി അന്വേഷിച്ചെന്നും അവർക്കു പണം ലഭിച്ചോളുമെന്നും സലാഹുദ്ദീൻ അറിയിക്കുന്നു. ഇതു ഞങ്ങളുടെ കടമയാണ്, അഞ്ച് ദിവസങ്ങൾക്കു മുൻപാണ് ഇതു ശ്രദ്ധയിൽ പെട്ടത്. സന്ദേശങ്ങൾക്കൊപ്പം ഇവരുടെ പേരും നൽകിയിട്ടുണ്ട്. ഉത്തരാവാദിത്തപ്പെട്ടയാൾ ഇതു പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്, ഫോൺ സംഭാഷണത്തിൽ സലാഹുദ്ദീൻ അറിയിച്ചു.

യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജിസി) ചെയർമാൻ കൂടിയായ സലാഹുദ്ദീൻ, ഇന്ത്യ ഏറ്റവുമധികം തിരയുന്ന 20 ഭീകരരുടെ പട്ടികയിൽ പെടുന്നയാളാണ്. റെക്കോർഡ് ചെയ്ത സംഭാഷണം 2014 നവംബർ 28നാണ് ഗുജറാത്ത് ഫൊറന്‍സിക് ലബോറട്ടറി പരിശോധിച്ച് ശബ്ദ സാംപിളുകൾ സ്ഥിരീകരിച്ചത്. ഈ വർഷം ഫെബ്രുവരി 19ന് വീണ്ടും ശബ്ദ സാംപിളുകൾ പരിശോധിച്ചു. രേഖകൾ എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.

 

nia-hizbul-phone-2.jpg.image.784.410 nia-hizbul-phone-3.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here