oommen.jpg.image.784.410

 

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടതി തീരുമാനമനുസരിച്ച് മുന്നോട്ടുപോകും. തിരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന കാര്യത്തിൽ സർക്കാരിനാണ് നിർബന്ധം. പഞ്ചായത്ത് രൂപീകരണത്തിൽ ഇതുവരെ സ്വീകരിച്ച സമീപനം സർക്കാർ തുടർന്നു. ജനഹിതം അനുസരിച്ച് പഞ്ചായത്തുകൾ രൂപീകരിച്ചതിൽ പലരും പേടിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് നടത്തുക അസാധ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

തിരഞ്ഞെടുപ്പു വിഷയത്തിൽ മുസ്‍ലിം ലീഗിനെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള ചില പ്രചരണങ്ങളുണ്ടായി. തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായി എടുത്തതാണ്. തിരഞ്ഞെടുപ്പ് വിഷയത്തിൽ സർക്കാരിൽ ഭിന്നതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ യുഡിഎഫിന് ഒരു താൽപ്പര്യവുമില്ലെന്ന് കൺവീനർ പി.പി. തങ്കച്ചനും വ്യക്തമാക്കിയിരുന്നു. ‌‌‌തിരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്ന തരത്തില്‍ യുഡിഎഫില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. പഞ്ചായത്ത് വിഭജനത്തിൽ സർക്കാരിനു വീഴ്ച വന്നിട്ടില്ല. കോവളത്ത് നടന്ന യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ചു. കമ്മിഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണമുണ്ടായി. കമ്മിഷന്റെ നിലപാടുകൾ സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്നും പ്രശ്നത്തെ രാഷ്ട്രീയമായി നേരിടണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി. എന്നാൽ കമ്മിഷനുമായി ഏറ്റുമുട്ടൽ വേണ്ടെന്നാണ് ധാരണ.

അതേസമയം, വിഷയത്തിൽ ലീഗ് അതൃപ്തിയറിയിച്ചു. ലീഗിനെ ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് വിഭജനം ലീഗിന്റെ മാത്രം അജൻഡയെന്ന് വരുത്താൻ ശ്രമിച്ചത് ശരിയായില്ല. ലീഗിന് അർഹതപ്പെട്ടതുപോലും ലഭിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് വിവാദത്തിനില്ലെന്നും മന്ത്രിമാരെക്കാളും വലിയ ഉദ്യോഗസ്ഥരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെ.പി.എ.മജീദും ആരോപിച്ചു. ലീഗിന്റെ അതൃപ്തി പരിഹരിക്കുന്നതിന് കോൺഗ്രസ് ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും തങ്കച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here