ന്യൂഡൽഹി∙ ദാവൂദ് ഇബ്രാഹിമിന്റേതെന്നു ഇന്ത്യ കണ്ടെത്തിയ പാക്കിസ്ഥാനിലെ വിലാസങ്ങളിൽ തെറ്റു കടന്നുകൂടിയതായി റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചർച്ചയിൽ ഇന്ത്യ കൈമാറാനിരുന്ന തെളിവുകളുടെ കൂട്ടത്തിലുള്ളതാണ് ഈ വിലാസങ്ങൾ. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തിനു ബലം കൂട്ടുന്നതായിരുന്നു തെളിവുകൾ. ഇതിലാണ് തെറ്റു കടന്നുകൂടിയിരിക്കുന്നത്. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കണ്ടെത്തിയ വിലാസങ്ങളിലൊന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പാക്കിസ്ഥാൻ പ്രതിനിധി മലീഹ ലോധിയുടേതാണെന്ന് പാക്ക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, മാധ്യമങ്ങളിൽ വന്ന വിലാസങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടതല്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ ഇതുതന്നെയാണോ എന്ന് മന്ത്രാലയത്തിനും അറിയില്ല.

മെയ്ൻ മാർഗല്ല റോഡ്, എഫ് – 6/2, ഹൗസ് നമ്പർ 7, സ്ട്രീറ്റ് 17, ഇസ്‌ലാമാബാദ് എന്ന വിലാസം മുന്‍ യുഎസ് അംബാസ്സഡറും നിലവിൽ യുഎന്നിലെ പാക്ക് പ്രതിനിധിയുമായ ലോധിയുടേതാണ്. ഇന്ത്യയുടെ തെറ്റ് പാക്ക് മാധ്യമങ്ങൾ വലിയ രീതിയിൽ പ്രചരിപ്പിച്ചു. ലോധിയുടെ വീടിന്റെ ചിത്രങ്ങൾ വച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. വർഷങ്ങളായി ലോധിയുടെ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോൾ ലോധി വിദേശത്തായതിനാൽ സ്റ്റാഫ് അംഗങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു വിലാസമായ മാർഗല്ല റോഡ്, പി – 6/2, സ്ട്രീറ്റ് നമ്പർ 22, ഹൗസ് നമ്പർ 29, ഇസ്‌ലാമാബാദ് എന്നതിലും തെറ്റുണ്ട്. ഇസ്‌ലാമാബാദിൽ പി എന്നൊരു സെക്ടറില്ല.

അതേസമയം, 20 വർഷങ്ങളെടുത്താണ് വിവരങ്ങള്‍‍ ശേഖരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിൽ നാല് വിലാസങ്ങളെ സ്ഥിരീകരിച്ചിട്ടുള്ളു. അതു ഉന്നത ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഈ വിലാസങ്ങളേതെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദാവൂദ് ഇബ്രാഹിം താമസിക്കാനിടയുള്ള സ്ഥലങ്ങളും വിലാസങ്ങളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും ‌ഇദ്ദേഹം വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here