ന്യൂഡല്‍ഹി∙ ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ നാലുപ്രതികളും മറ്റൊരുകേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അക്ഷയ്കുമാര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെയാണ് കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍പ്രകാരം മറ്റൊരുകേസില്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിങ് കണ്ടെത്തിയത്. 2012 ഡിസംബറില്‍ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ പാരമെഡിക്കൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളാണ് നാലുപേരും. ഇവര്‍ക്കു കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഡിസംബര്‍ 16-ന് രാത്രി പെണ്‍കുട്ടി ബസ്സില്‍ കയറുന്നതിനുമുമ്പായി മരപ്പണിക്കാരനായ രാം ആധാറിനെ പ്രതികള്‍ ബസ്സില്‍ കയറ്റിക്കൊണ്ടുപോവുകയും കവര്‍ച്ചയ്ക്കിരയാക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ ഉള്‍പ്പെടെ ആറുപ്രതികളാണ് രണ്ട് കേസുകളിലുമുള്ളത്. ബസ് ഡ്രൈവര്‍ രാംസിങ്ങിനെ വിചാരണക്കാലയളവില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാംസിങ്ങിന്റെ അനുജനാണ് മറ്റൊരു പ്രതിയായ മുകേഷ്. കൗമാരക്കാരന് ജുവനൈല്‍കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. നാലുപ്രതികളുടെയും വധശിക്ഷ ഹൈക്കോടതിയും അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here