ന്യൂഡൽഹി∙ രാജ്യത്ത് വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് ദേശീയ നിയമ കമ്മിഷൻ. വധശിക്ഷ തൽക്കാലം ഭീകരവാദ കേസുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. ഭാവിയിൽ പൂർണമായി നിർത്തലാക്കണമെന്ന് കമ്മിഷന്റെ കരട് റിപ്പോർട്ടിൽ പറയുന്നു. വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റുപറ്റാൻ സാധ്യതയുള്ളതുമാണ്. കമ്മിഷന്റെ അന്തിമ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിനു സമർപ്പിക്കും. ഓഗസ്റ്റ് 31 വരെയാണ് കമ്മിഷന്റെ കാലാവധി.

വധശിക്ഷ നിയമവിധേയമായി നടത്തുന്ന 59 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റിട്ടയർ‍‍ഡ് ജസ്റ്റിസ് എ.പി.ഷായാണ് കമ്മിഷൻ അധ്യക്ഷൻ. നാല് മുഴുവൻസമയ അംഗങ്ങളുമുണ്ട്. അതേസമയം, കമ്മിഷനംഗങ്ങളിൽ ചിലർ വധശിക്ഷ നിർത്തലാക്കുന്നതിനെ എതിർത്തു. വധശിക്ഷ നിർത്തലാക്കുന്നതു സംബന്ധിച്ച് ഉയർന്നു വന്ന വിവാദങ്ങളെ തുടർന്ന് സുപ്രീംകോടതി കഴിഞ്ഞ കമ്മിഷനോട് പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

വധശിക്ഷകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിയില്ല. ജീവപര്യന്തം ശിക്ഷയെക്കാൾ എന്തെങ്കിലും മേന്മ വധശിക്ഷയ്ക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരെ ആശ്രയിച്ചുമിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായേ വധശിക്ഷ നൽകാവൂ എന്ന് ബച്ചൻ സിങ് – പഞ്ചാബ് സംസ്ഥാന കേസിൽ സുപ്രീംകോടതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here