ദുബായ്∙ നാടിന്റെ ഓർമകളുടെ തണൽപരപ്പിനു താഴെ മരുഭൂമിയിൽ ഒരുമയുടെ ഇതളുകൾ ചേർത്തുവച്ച് ഇന്ന് ഗൾഫ് മലയാളിക്ക് തിരുവോണം. ലേബർ ക്യാംപുകൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ഇന്ന് ഓണാഘോഷത്തിന്റെ കസവണിയും. മലയാളികളുടെ തനിമയുടെ മിഴിവായ ആഘോഷത്തിൽ ഒപ്പം ചേരാൻ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ ഒട്ടേറെപ്പേരുണ്ടാകും. നാടിന്റെ സ്‌മൃതികളിൽ, അവിടെ വീട്ടിലും നാട്ടിലും അരങ്ങേറുന്ന ഓണാഘോഷത്തിന്റെ ചേലുമുഴുവൻ അറിഞ്ഞും പരസ്‌പരം സ്‌നേഹം പങ്കിട്ടും ഇന്ന് ഫോൺവിളികൾ. ഓർമകളുടെ പെരുക്കത്തിൽ, നഷ്‌ടബോധത്തിന്റെ കനത്തിൽ കണ്ണുകൾ ഈറനണിയുമ്പോഴും ഓണത്തിന്റെ ചിട്ടവട്ടം കൂട്ടുകാർ ഒരുമയിൽ ഒരുക്കുമ്പോൾ സൗഹൃദത്തിൽ ഇന്നെല്ലാം അലിയിച്ചുകളയും. കുടുംബവുമായി താമസിക്കുന്നവർ ബന്ധുവീടുകൾ സന്ദർശിക്കാനും ഒരുമിച്ച് ഓണം ആഘോഷിക്കാനും സമയം കണ്ടെത്തും. ഇന്ന് വാരാന്ത്യ അവധി ദിനമായതിനാൽ തൊഴിലാളികൾക്കും മറ്റും പൂർണമായും ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. ഏറെ കാലത്തിനു ശേഷമാണ് വെള്ളിയാഴ്‌ച ഓണമെത്തുന്നത്. പൂക്കളമിടാനും ഓണസദ്യയൊരുക്കാനും പുതു വസ്‌ത്രങ്ങൾ വാങ്ങാനുമുള്ള അവസാന വട്ട തിരക്കിലാണ് മിക്കവരും. ജാതിമതഭേദമെന്യേ കേരളീയരുടെ ദേശീയോത്സവമാണ് ഓണമെന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നത് ഗൾഫിലാണ്. കേരളീയരായ പ്രവാസികൾ ഒത്തൊരുമയോടെ ഏറെ ആഹ്ലാദത്തോടെയാണ് ഓണമാഘോഷിക്കുക. ഇവരോടൊപ്പം, ഇതര സംസ്‌ഥാനക്കാരും രാജ്യക്കാരും പങ്കുചേരുമ്പോൾ ഓണത്തിന് ആഗോള മാനവികത കൈവരുന്നു.

ഓണസദ്യ എന്നേ തുടങ്ങി, ഇന്നലെ ഓഫിസുകളിൽ ആഘോഷ

ഒരാഴ്‌ച മുൻപ് തന്നെ യുഎഇയിൽ ചിലയിടങ്ങളിൽ ഓണസദ്യ വിളമ്പി ആഘോഷത്തിന് തുടക്കമിട്ടിരുന്നു. ഒന്നാം ഓണദിനമായ ഇന്നലെ ഒട്ടേറെ സ്‌ഥലത്ത് സദ്യയും പൂക്കളവുമൊരുക്കി പ്രവാസി മലയാളികൾ ആഘോഷം തുടങ്ങി. നാളെ അവധി ആയതിനാൽ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ഇന്നലെ ആഘോഷം നടന്നത്. ഇന്ത്യൻ കോൺസുലേറ്റു മുതൽ ഒട്ടുമിക്ക സ്വകാര്യ സ്‌ഥാപനങ്ങൾ ഉൾപ്പെടെ ഇന്നലെ ഓണാഘോഷം നടത്തി. സ്വദേശികളും മറ്റു രാജ്യക്കാരും മലയാളികളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ഓണത്തെക്കുറിച്ച് മലയാളികളിൽ നിന്ന് ചോദിച്ച് മനസിലാക്കാൻ ഇവരെല്ലാം താൽപര്യം കാണിച്ചു. ഓണസദ്യയും മിക്കവർക്കും ഇഷ്‌ടമായി. കടൽകടന്നെത്തിയ ഓണത്തിന് ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ ഓഫിസുകളിലും ലേബർ ക്യാംപുകളിലും പൂക്കളമൊരുക്കിയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. മറുനാട്ടിലെ പ്രജകളെ കാണാനെത്തിയ മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷപൂർവം വരവേറ്റു. ആർപ്പോ ഇറോ വിളികളാൽ ആഘോഷവേദികൾ മുഖരിതമായി. മലയാളി മങ്കമാർ തിരുവാതിര അവതരിപ്പിച്ചു. ആടിയും പാടിയും ഗൾഫോണത്തെ സമ്പന്നമാക്കുകയായിരുന്നു മലയാളികൾ. ഒരുമയുടെ കരുത്തിൽ വടംവലി മൽസരവും പിന്നീട് വിഭവ സമൃദ്ധമായ ഓണസദ്യയും. ലേബർ ക്യാംപുകളിൽ അവിടെ തന്നെ തയാറാക്കിയ ഓണസദ്യയാണ് വിളമ്പിയത്. എന്നാൽ, ഓഫിസുകളിലേക്കും മറ്റും റസ്‌റ്ററന്റുകളിൽ നിന്ന് പാർസലായി ഓണവിഭവമെത്തി. ഇരുപതോളം കറികളും മൂന്ന് തരം പായസവുമടങ്ങിയ ഓണസദ്യയ്ക്ക് 35 ദിർഹം മുതൽ 50 ദിർഹം വരെയാണ് ഈടാക്കിയത്. റസ്‌റ്ററന്റുകളിൽ ഇന്നും നാളെയും ഓണസദ്യയുണ്ടാകും. സംഘടനകൾക്ക് നിയന്ത്രണമുള്ള ദുബായിൽ സ്‌ഥാപനങ്ങളും ലേബർ ക്യാംപുകളും കേന്ദ്രീകരിച്ചുള്ള ആഘോഷ പരിപാടികൾ വരും ദിവസങ്ങളിലും നടക്കും.

സിനിമ, സ്‌റ്റേജ് ഷോകൾ; ആഘോഷിക്കാം മാവേലീ..

മലയാളി ചലച്ചിത്ര താരങ്ങളും സീരിയൽ അഭിനേതാക്കളും അണിനിരക്കുന്ന ഒട്ടേറെ സ്റ്റേജ് പരിപാടികളും ഓണം പ്രമാണിച്ച് ഇന്നും നാളെയുമായി യുഎഇയിൽ അരങ്ങേറും. മോഹൻലാലിന്റെ ഏറ്റവും പുതിയ രഞ്‌ജിത് ചിത്രം ലോഹം, യുഎഇയിലെ പ്രവാസി മലയാളികളുടെ കഥ പറയുന്ന, ഭൂരിഭാഗവും ഷാർജയിൽ ചിത്രീകരിച്ച സുഗീതിന്റെ മധുരനാരങ്ങ, സെയ്‌ഫ് അലിഖാൻ കത്രീന കൈഫ് ജോടികളുടെ ഏറ്റവും പുതിയ ഹിന്ദി ചിത്രം ഫാന്റം, ജയം രവി നയൻതാര ടീം അഭിനയിച്ച തമിഴ് ചിത്രം തനി ഒരുവൻ തുടങ്ങിയവയെ ഓണമാഘോഷത്തിനായി യുഎഇയിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. ക്ഷേത്രദർശനം നടത്തി ബന്ധുവീടുകൾ സന്ദർശിച്ചും ഇന്ന് ഓണാഘോഷം പൂർണമാക്കും. ബീച്ചിലും പാർക്കിലും കുടുംബാംഗങ്ങളോട് ഒന്നിച്ചു പോകാൻ പലരും പദ്ധതിയിട്ടെങ്കിലും ചൂട് കൂടിയതിനാൽ പലരും ഒഴിവാക്കുകയായിരുന്നു. നാട്ടിലുള്ളവർ മിക്കവരും ഓണാഘോഷത്തിനുശേഷം നാളെ തിരിച്ചെത്തും. ഇന്ത്യൻ സ്‌കൂളുകൾ ഞായർ തുറക്കുന്നതിനാൽ നീണ്ട അവധിക്കുശേഷം സ്‌കൂളിൽ പോകാനുള്ള ഒരുക്കത്തിലാണു കുട്ടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here