തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരേ ആക്രമണം കനപ്പിക്കുമ്പോഴാണ് അവരുടെ വായടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കം.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചുള്ള ഫലപ്രദമായ അന്വേഷണം വേണമെന്ന് കത്തിൽ പറയുന്നു.നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് സംഭവം.

കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും പിന്തുണയും സംസ്ഥാനസർക്കാർ നൽകും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനയച്ച കത്തിലും മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here