തിരുവല്ല: പ്രതിഫലമില്ലാത്ത പ്രവൃത്തി കൊണ്ട് നന്മയുടെ  നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.

മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാറിൻ്റെ അദ്യക്ഷതയിൽ  നടന്ന ചടങ്ങ് കേരള സംസ്ഥാന ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള പുരസ്ക്കാരം സമ്മാനിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പ്രതാപചന്ദ്ര വർമ്മ ദൃശ്യം പകർത്തിയ ജോഷ്വയെ ആദരിച്ചു. സിബി സാം തോട്ടത്തിൽ , ജിജു വൈക്കത്തുശ്ശേരി, മാൾ മാനേജർ  ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു.

ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം  നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ്  കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന്  ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട്  അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ്  എക്സിക്യൂട്ടീവ്  മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ  നാലാം നിലയിൽ നിന്നും   മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.

കോന്നി സ്വദേശിയായ വയോധികനെ ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ്  ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.

യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള  എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.

അന്ധനായ വ്യദ്ധൻ്റെ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിനെ പറ്റി  ചടങ്ങിൽ ആലോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here