തിരുവനന്തപുരം: ഒരാൾ മാത്രം ഭാഗ്യവാനും ഭാഗ്യവതിയും ആകുന്ന ലോട്ടറി നറുക്കെടുപ്പിന് പകരം ഒരു വ്യത്യസ്‌ത ആശയവുമായി മുന്നോട്ട് വരികയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. അ‌ഞ്ച് പേർക്ക് ഒരു കോടി രൂപ വീതം സമ്മാനിക്കുന്ന പുതിയ ലോട്ടറിയുടെ പേര് ഭാഗ്യമിത്ര എന്നാണ്. പ്രതിമാസ ലോട്ടറി എന്ന നിലയിലാകും ഭാഗ്യമിത്ര ഭാഗ്യാന്വേഷികൾക്ക് മുന്നിലേക്ക് എത്തുക.എല്ലാ മാസവും ആദ്യ ഞായറാഴ്‌ച നറുക്കെടുപ്പ് നടത്തുന്ന ഭാഗ്യമിത്രയ്‌ക്ക് നുറു രൂപയായിരിക്കും വില. ഭാഗ്യമിത്ര ടിക്കക്കറ്റുകൾ ഒക്ടോബർ പത്തോടെ പുറത്തിറക്കി, ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്.

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ലോട്ടറി വകുപ്പിനും വിൽപനക്കാർക്കും വൻ വരുമാന നഷ്‌ടമാണുണ്ടാക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ചുരുക്കുകയും ചെയ്‌തിരുന്നു. പുതിയ ലോട്ടറിയിലൂടെ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ.ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന ടിക്കറ്റിന്റെ വിൽപ്പന ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാൽ പൗർണമി ലോട്ടറി പൂർണമായി ഒഴിവാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകൾ വിപണിയിലെത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here