തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യാവസ്ഥയിലേക്ക് കടന്നതോടെ വാഹന പരിശോധന കർശനമാക്കി ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ്. ഇതിനായി 65 ടാറ്റ നെക്സോൺ ഇലക്ട്രിക് വാഹനങ്ങളാണ് എൻഫോഴ്സ്‌മെന്റ് പാട്ടത്തിനെടുത്തത്. ഇനിമുതൽ നിരത്തുകളുടെ മുക്കിലും മൂലയിലും എൻഫോഴ്സ്‌മെന്റിന്റെ കണ്ണുണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പരിശോധനയിൽ കുറവുണ്ടാകില്ല.

എട്ടു വ‍‍ർഷത്തേക്ക്
എട്ട് വർഷത്തേക്കാണ് 65 ഇലക്ട്രിക് വാഹനങ്ങൾ എൻഫോഴ്സ്‌മെന്റ് പാട്ടത്തിനെടുത്തിരിക്കുന്നത്. ഇത്രയും വാഹനങ്ങൾ ഒരുമിച്ച് വാങ്ങുന്നതിനുള്ള സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ ഭാഗമായി വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ തീരുമാനിച്ചത്. അനെർട്ടാണ് മറ്റ് സഹായങ്ങൾ നൽകുന്നത്. ഇതാകുമ്പോൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും മറ്രും വലിയ ബാദ്ധ്യതയുമാകില്ല.ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ദൂരം സർവീസ് നടത്താനാകും. 11 മുതൽ 12 മണിക്കൂർ വരെയാണ് ചാർജ്ജിംഗിന് വേണ്ടത്. അത്യാവശ്യ സാഹചര്യത്തിൽ ഒരു മണിക്കൂറിൽ ചാർജ്ജാകുന്ന അതിവേഗ ​ ചാർജ്ജിംഗ് (ഫാസ്റ്റ് ചാർജ്ജിംഗ്) സംവിധാനവുമുണ്ട്. ഇതിനൊപ്പം ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന ആറ് വാഹനങ്ങൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. പാറക്കെട്ടുകൾ പോലുള്ള ദുർഘട പ്രദേശങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചെന്നെത്താനുള്ള പ്രയാസം കണക്കിലെടുത്താണ് ഇവ വാങ്ങിയത്.

ബൈക്ക് യാത്രക്കാർ ജാഗ്രതൈ
ഇരുചക്ര വാഹന യാത്രക്കാരെയാണ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കൂടുതലായി നോട്ടമിട്ടിരിക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്കും ഹൈക്കോടതി ഹെൽമറ്റ് നിർബന്ധമാക്കിയതിനാൽ കർശന പരിശോധന നടത്താനാണ് എൻഫോഴ്സ്‌മെന്റിന്റെ തീരുമാനം. ഇതോടൊപ്പം ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടും. നിയമലംഘനമുണ്ടായാൽ ആദ്യ തവണ യാത്രക്കാരന് നോട്ടീസ് നൽകുകയും മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്യും.

ഇതോടൊപ്പം 500 രൂപ പിഴയും ഈടാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കണക്ക് അനുസരിച്ച് നഗരപ്രദേശങ്ങളിൽ 98 ശതമാനം പേരും ഹെൽമറ്റ് ധരിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ഇത് 85 ശതമാനം മാത്രമാണ്.ഹെൽമറ്റ് വാഹനത്തിലോ കൈകളിലോ തൂക്കിയിട്ട് ഓടിക്കുന്നവർ ഉണ്ട്. ഇവർ വാഹന പരിശോധകരെ കാണുമ്പോൾ ഹെൽമറ്റ് ധരിക്കുകയും ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. 25 വയസിന് താഴെയുള്ളവരാണ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരിൽ കൂടുതലും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ ആളുകളാണ് പ്രായമേറിയവരിലെ നിയമലംഘകരെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here