വണ്ണം വയ്‌ക്കുമോ, കൊളസ്‌ട്രോൾ കൂടുമോ എന്നൊക്കെ പേടിച്ച് കശുവണ്ടി കഴിക്കാത്തവർ ഉണ്ടാകാം. ബദാമും പിസ്‌തയും എല്ലാം ദിവസവും കഴിക്കാമോ എന്ന സംശയം ഉള്ളവരും കാണും. എന്നാൽ ആശങ്ക വേണ്ട. ഇനി മുതൽ ദിവസവും ഒരു പിടി നട്‌സ് കഴിച്ചുതുടങ്ങാം. കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം നട്‌സ് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ദിവസവും 20 ഗ്രാം നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്‌ക്കുള്ള സാദ്ധ്യതയെ കുറയ്‌ക്കുമെന്നാണ് പഠനം. നട്‌സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാദ്ധ്യത പകുതിയും പ്രമേഹസാദ്ധ്യത 40 ശതമാനവും കുറയ്‌ക്കും എന്നും ഗവേഷകർ പറയുന്നുണ്ട്.

ഗുണങ്ങളേറെയാണ് കശുഅണ്ടി പരിപ്പിന്
കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്‌ട്രോളും കുറയ്‌ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.നട്‌സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്‌ക്കാൻ സഹായിക്കുമെന്ന് ബി.എം.സി. മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാദ്ധ്യതയും പ്രമേഹ സാദ്ധ്യതയും കുറയ്‌ക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് കശുഅണ്ടി. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്ന മഗ്‌നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300/ 750 മില്ലിഗ്രാം മഗ്‌നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശു അണ്ടിപ്പരിപ്പ്. ഇവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. മസിലുകൾ വളർത്താൻ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്.

പിസ്‌ത ചില്ലറക്കാരനല്ല
പിസ്‌തയ്‌ക്ക് ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല, ചർമ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്‌നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്‌ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്‌‌ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്‌തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്‌തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ് പിസ്‌ത.

അതുപോലെ, പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്‌ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്‌ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്‌ത നല്ലതാണ്. ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്‌ത. പ്രോട്ടീന്റെ കലവറയാണ് പിസ്‌ത. ഗർഭിണികൾ നാലോ അഞ്ചോ പിസ്‌ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. ഗർഭകാലത്ത് പ്രമേഹം വരാതിരിക്കാനും പിസ്‌തയിലെ ചില ഘടകങ്ങൾ സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. പിസ്‌ത പാലിൽ ചേർത്ത് വേണമെങ്കിലും കുടിക്കാവുന്നതാണ്.

ഈന്തപ്പഴം കഴിച്ചാൽ!
ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും മുസ്‌ലിം സമുദായത്തിന്റെ ഇടയിലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കാനും ഉപയോഗിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്‌സിഡന്റും ഉണ്ട്. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർദ്ധിപ്പിക്കൽ തുടങ്ങി പല ഗുണങ്ങളുമുള്ള ഒന്നാണ് ഈന്തപ്പഴം.

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്‌ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്‌ളേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ കാൽസ്യവും അയണും ആന്റി ഓക്‌സിഡന്റും ധാരാളമായി തന്നെ ഈന്തപ്പഴത്തിൽ ഉണ്ട്. നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. മലബന്ധമകറ്റുന്നതിനോടൊപ്പം ശരിയായ ബൗൾ മൂവ്‌മെന്റിനും ഗ്യാസ്‌ട്രോ ഇന്റസ്റ്റിനൽ ട്രാക്‌ടിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. ഈന്തപ്പഴത്തിലെ കാത്സ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പ്രത്യേകിച്ചു ഓസ്റ്റിയോ പൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ളതുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം. ഷുഗർ ധാരാളം ഉള്ള ഇവ ഒരു എനർജി ബുസ്റ്ററായും ക്ഷീണമകറ്റാനും ശരീരഭാരം വർധിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രസവത്തോടെ അടുത്തുവരുന്ന നാല് ആഴ്ച ഈന്തപ്പഴം ഉപയോഗിച്ചാൽ സുഖപ്രസവമാകാൻ സാധ്യതയുണ്ട് എന്നു പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.

പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങൾക്കും സ്‌പേം കൗണ്ട് കൂടാനും സ്‌പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. 2006ൽ നടന്നു എന്നു പറയുന്ന ഒരു പഠനത്തിൽ ഈന്തപ്പഴത്തിലെ ഫ്ളവനോയിഡും എസ്‌ട്രോഡയോലും ആണ് ഇതിനു കാരണം എന്നു പറയുന്നു. ഇതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല.ഈന്തപ്പഴത്തിലെ നാരുകളും മിനറൽസും ആന്റി ഓക്‌സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളിൽ ലിവറിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റ് ചില കാൻസറിനെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ള ഈന്തപ്പഴം അമിതമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നന്നല്ല.

ചില ഈന്തപ്പഴത്തിൽ ഗ്ലൈസീമിക് ഇൻഡക്‌സ് കുറവാണെങ്കിലും ഒട്ടുമിക്ക ഈന്തപ്പഴവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതാണ്. ശരീരഭാരം നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവരും ഈന്തപ്പഴം മിതമായി ഉപയോഗിക്കണം. അമിത ഉപയോഗം ശരീരഭാരം കൂട്ടും. അമിതമായി ഈന്തപ്പഴം ഉപയോഗിക്കുന്നത് ചിലരിൽ ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാക്കുന്നതായി കാണുന്നു. മാത്രമല്ല പല്ലുകൾക്ക് കേടുവരുത്താൻ സാദ്ധ്യതയുള്ള ഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് ഈന്തപ്പഴം. അതിനാൽത്തന്നെ ഈന്തപ്പഴം ഉപയോഗിച്ചശേഷം വായ് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹിക്കാൻ അൽപം താമസം എടുക്കുന്ന ഇവ ചെറിയ കുട്ടികൾക്കും മുഴുവനായി കൊടുക്കുന്നത് അത്ര ഉത്തമമല്ല.

ബദാം കഴിച്ചാൽ
ബദാമിൽ കോപ്പർ, അയേൺ, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ സിന്തെസസിന് സഹായിക്കും. ഇതു വിളർച്ചയ്‌ക്കുള്ള നല്ലൊരുപരിഹാരം കൂടിയുമാണ്. വിളർച്ചയുള്ളവർ ദിവസവും ബദാം കുതിർത്തു കഴിക്കുക. കുട്ടികൾക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വർദ്ധിക്കാൻ വളരെ നല്ലതാണ്. തടി കുറയ്‌ക്കാൻ വളരെ നല്ലതാണ് ബദാം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്‌ക്കാൻ സഹായിക്കുന്നു. എച്ച്.ഡി.എലിന്റെയും എൽ.ഡി.എല്ലിന്റെ അനുപാതം നിലനിറുത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാമിൽ കാണപ്പെടുന്ന വിറ്റാമിൻ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്‌ക്കും.

പ്രമേഹരോഗികൾ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര, ഇൻസുലീൻ, സോഡിയം എന്നിവയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കാൻസർ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ആരോഗ്യത്തിനു മാത്രമല്ല, ചർമ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിൻ ഇ ആണ് ചർമ്മത്തിന് ഗുണം നൽകുന്നത്. മുടിയുടെ വളർച്ചയ്‌ക്കും മുടിയ്‌ക്ക് ഈർപ്പം നൽകാനും കുതിർത്ത ബദാം ഏറെ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here