സ്വന്തം ലേഖകൻ 

കോഴിക്കോട് : കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുൻ അധ്യക്ഷനും വടകര എം പിയുമായ കെ മുരളീധരനും തമ്മിലുള്ള പോര് ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തിപ്രാപിക്കുകയാണ്. മലബാറിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലിയാണ് തർക്കം.
 
പഞ്ചായത്തുകളിൽ പ്രാദേശിക നീക്കുപോക്കുണ്ടാക്കിയതായും, വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ സഖ്യം ഗുണം ചെയ്യുമെന്നും കെ മുരളീധരന്റെ പ്രതികരണത്തിനുള്ള മറുപടിയായാണ് മുല്ലപ്പള്ളിയുടെ തിരുത്ത്.
കേരളത്തിൽ നിലവിലുള്ള ഘടകക്ഷിയുമായല്ലാതെ മറ്റാരുമായും സഖ്യമില്ലെന്നും ഒരു തീവ്രസംഘടനയുമായും സഖ്യമില്ലെന്ന നിലപാടിൽ മാറ്റമില്ല. പാർട്ടിയുടെ ദേശീയ സമിതിയുടെ തീരുനമാണ് പറയുന്നതെന്നും മുല്ലപ്പള്ളി പറയുന്നു. എന്നാൽ സംസ്ഥാന നേതൃത്വം അറിഞ്ഞു കൊണ്ടാണ് വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതെന്ന് കെ മുരളീധരൻ ആവർത്തിക്കുന്നു.
മുല്ലപ്പള്ളിയുമായി തെരഞ്ഞെടുപ്പ് കാലത്ത് ഇടഞ്ഞ മുരളീധരൻ കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഥലം എം പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുന്നത് വലിയ തിരിച്ചടിക്ക് കാരണമാവുമെന്ന് തിരിച്ചറിഞ്ഞ മുല്ലപ്പള്ളി തന്റെ നിലപാടിൽ അയവുവരുത്തി. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തു വരുന്നതിന് മുൻപ് തന്നെ മുല്ലപ്പള്ളി -മുരളീധരൻ പോര് വീണ്ടും ആരംഭിച്ചു. ജമാ അത്ത് ഇസ്ലാമി ഒരു മതേതര സംഘടനയല്ല, എന്നും ദേശീയ പാർട്ടിയുടെ നിലപാടാണ് ഞാൻ പറയുന്നത് എന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. 17 ന് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ വെൽഫെയർപാർട്ടി ബന്ധത്തെ എതിർത്ത മുക്കത്തെ പാർട്ടി പ്രവർത്തകരെ പുറത്താക്കിയ ജില്ലാ നേതൃത്വത്തിന്റെ നിലപാടിനെതിരെ രണ്ട് നേതാക്കളും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ യു ഡി എഫിന് തിരിച്ചടിയുണ്ടായാൽ അത് വെൽഫെയർ ബന്ധമാണെന്ന് ആരോപണമുയരും. ഇത് മുരളിക്കെതിരെയുള്ള നീക്കത്തിലേക്ക് വഴിവയ്ക്കും.

കല്ലാമലയിൽ ആർ എം പി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും മുരളിയും മുല്ലപ്പള്ളി തർക്കത്തിന് വഴിവച്ചിരുന്നു. മുല്ലപ്പള്ളിയുടെ തീരുമാനമാണോ അതോ മുരളിയുടെ നീക്കമാണോ ശരിയെന്ന് കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് കോഴിക്കോട്ടുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here