തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് കടക്കവെ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറാമെന്ന ബിജെപിയുടെ സ്വപ്‌നം വൃഥാവിലായി. ശക്തമായ മുന്നേറ്റം കാഴ്‌ചവച്ചെങ്കിലും, എൽഡിഎഫിന്റെ വിജയക്കുതിപ്പ് തടയാൻ എൻഡിഎയ‌്ക്ക് കഴിഞ്ഞില്ല. കോൺഗ്രസ് പേരിനുമാത്രമായി ഒതുങ്ങുകയും ചെയ‌്തു.ഫലപ്രഖ്യാപനത്തിലെ ഓരോ ഘട്ടത്തിലും എൽഡിഎഫും എൻഡിഎയും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടാം മണിക്കൂറിൽ ബിജെപി ഒരു സീറ്റിൽ ലീഡ് നേടി ഞെട്ടിച്ചെങ്കിലും, കുതിപ്പ് തുടരാൻ താമരയ‌്ക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കാൻ ‘ബിജെപി മേയർ’ എന്ന തിരഞ്ഞെടുപ്പ് പ്രചരണം എൻഡിഎയ‌്ക്ക് തുണയായതുമില്ല

കോർപ്പറേഷൻ പിടിക്കുമെന്ന പ്രചരണം തിരിച്ചടിയായി
കോർപറേഷൻ പിടിക്കുമെന്ന വലിയ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ മേഖലകളിൽനിന്നുള്ള വോട്ട് എൽഡിഎഫിലേക്കെത്തി. ഭരണം പിടിക്കാനായില്ലെങ്കിലും കോർപറേഷനിൽ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളിൽ സ്വാധീനം നിലനിർത്തിയതോടൊപ്പം എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളിൽ കൂടുതലും എൽഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല. പാർട്ടിക്കുള്ളിലെ തർക്കങ്ങളും ചില മേഖലകളിൽ തിരിച്ചടിയായി.

തകർന്നടിഞ്ഞ് ഐക്യജനാധിപത്യ മുന്നണി
അണികളെ പോലും ഞെട്ടിപ്പിക്കുന്നതാണ് സംസ്ഥാനത്തുടനീളം യുഡിഎഫിന് ലഭിച്ച തിരഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷ മേഖലകളിൽനിന്നുള്ള വോട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ, ഈ വോട്ടുകൾ ലഭിക്കുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകൾ ഫലംകണ്ടില്ല. കോൺഗ്രസ് തകർന്നടിയുകയായിരുന്നു. കഴിഞ്ഞ തവണത്തെ പ്രകടനത്തിനൊപ്പമെത്താൻ പോലും കഴിയാതെ മുന്നണി എൻഡിഎയ്‌ക്കും പിന്നിലായി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒന്നും വോട്ടായി പ്രതിഫലിച്ചുമില്ല. തീരദേശമേഖലയിൽ പലയിടത്തും നേട്ടമുണ്ടാക്കാൻ കഴിയാത്തതും, താഴേത്തട്ടിലെ സംഘടനാ ദൗർബല്യവും ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

ഭരണം പിടിച്ചപ്പോൾ നേതാക്കൾ തോറ്റു
ഭരണം എൽഡിഎഫ് നിലനിർത്തിയെങ്കിലും മേയർ കെ. ശ്രീകുമാർ അടക്കമുള്ള നേതാക്കൾ തോറ്റത് തിരിച്ചടിയായി. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എ.ജി ഒലീന, പുഷ്‌പലത എന്നിവർ പരാജയപ്പെടുകയും ചെയ‌്തു. എൽഡിഎഫ്- 52, എൻഡിഎ- 35, യുഡിഎഫ്- 10, മറ്റുള്ളവർ-03 എന്നിങ്ങനെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും ഒടുവിലത്തെ നില.

 

LEAVE A REPLY

Please enter your comment!
Please enter your name here