തിരുവനന്തപുരം: വിവാദങ്ങളെയെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മിന്നും വിജയം. സ്വർണക്കടത്തും ലൈഫ് മിഷനും ഉൾപ്പടെ കേസുകളും വിവാദങ്ങളും ചർച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുളള മേൽക്കൈ നഷ്‌മാകാതിരുന്നത് മുന്നണിക്കും സർക്കാരിനും ആത്മവിശ്വാസമായി. മുൻസിപ്പാലിറ്റികളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം നടത്താനായത് മാത്രമാണ് യു ഡി എഫിന് ആശ്വാസമായത്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യു ഡി എഫിനും. അതിനാൽ തന്നെ ഫലം സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കും.

രാജ്യം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പിയെ തറപറ്റിച്ചത് എൽ ഡി എഫിന് നേട്ടമായി. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയതും സഭാതർക്കത്തിലെ തന്ത്രപൂർവമായ നിലപാടും ഇടതുമുന്നണിക്ക് കോട്ടയത്ത് സഹായകമായി. പ്രാദേശിക വിഷയങ്ങളേക്കാൾ വിവാദങ്ങൾ ഉന്നയിച്ച് സർക്കാരിനെ ആക്രമിച്ച തന്ത്രം പിഴച്ചോയെന്ന് പ്രതിപക്ഷത്തിന് പരിശോധിക്കേണ്ടി വരും. ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന യു ഡി എഫ് കൺവീനർ എം എം ഹസന്റെ പ്രസ്‌താവനയും തിരിച്ചടിച്ചു.ജോസ് കെ മാണിയെ കൈവിട്ട് ജോസഫിനെ കൂടെനിർത്തിയതും വെൽഫയർ പാർട്ടിയുമായുളള നീക്കുപോക്കിലെ ആശയക്കുഴപ്പവും യു ഡി എഫിൽ പരസ്യ വിഴുപ്പലക്കിന് ഇടയാക്കും. കല്ലാമലയിലടക്കം സ്ഥാനാർത്ഥി നിർണയത്തിൽ കെ പി സി സിയുടെ ഇടപെടലും വരുംദിവസങ്ങളിൽ വിമർശനത്തിനിടയാക്കും. സംസ്ഥാന വ്യാപകമായി വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ബി ജെ പി നടത്തിയ മുന്നേറ്റവും യു ഡി എഫിന് അപകടസൂചനയാണ്.ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ ഡി എഫ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. മുൻസിപ്പാലിറ്റികളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ 518 എണ്ണത്തിലും എൽ ഡി എഫ് മുന്നിട്ടു നിൽക്കുകയാണ്. യു ഡി എഫിന് 366, എൻ ഡി എ 24, മറ്റുളളവർ 32 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില. ബ്ലോക്ക് പഞ്ചായത്തിൽ 152ൽ എൽ ഡി എഫ് 108 ഇടത്തും യു ഡി എഫ് 44 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്ത് എൽ ഡി എഫ് ലീഡ് ചെയ്യുമ്പോൾ നാലിടത്ത് മാത്രമാണ് യു ഡി എഫിന് ലീഡ് ചെയ്യാനാവുന്നത്.മുൻസിപ്പാലിറ്റികളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുളള 86 എണ്ണത്തിൽ 45 ഇടത്ത് യു ഡി എഫ് മുന്നിട്ടുനിൽക്കുന്നു.

35 ഇടത്ത് എൽ ഡി എഫും ലീഡ് ചെയ്യുകയാണ്. ബി ജെ പിക്ക് ഇത്തവണ താരതമ്യേന മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് മാത്രമാണ് ബി ജെ പിക്ക് അധികം നേടാനായത്. പാലക്കാട് മുൻസിപ്പാലിറ്റി നിലനിർത്താനായി. സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുമുണ്ട്. തൃശൂർ കോർപ്പറേഷനിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് ബി ഗോപാലകൃഷ്‌ണ‌ന്റെ പരാജയം ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുളളത്.പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്‌മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്പലത്തിന് പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവർക്ക് സാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here