പ്രിയപ്പെട്ട പിണറായി,
അഴിമതിക്കെതിരേ ആവര്‍ത്തിച്ചു ശബ്ദമുയര്‍ത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നുണ്ടല്ലോ. എന്നാല്‍, താങ്കളും സംസ്ഥാനസര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും ഉന്നതരായ മുന്‍ഉദ്യോഗസ്ഥരും പ്രതികളായ ഈ കേസ് ചര്‍ച്ചാവിഷയമാക്കുന്നതുപോലും താങ്കളും സി.പി.എമ്മും ഭയപ്പെടുന്നു.

ലാവ്‌ലിന്‍ കരാര്‍ സംസ്ഥാന ഖജനാവിനു 374 കോടി നഷ്ടമുണ്ടാക്കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു സി.ബി.ഐ അന്വേഷിച്ചു കുറ്റപത്രം നല്‍കിയ ഈ കേസില്‍ താങ്കളുള്‍പ്പെടെ നാലുപ്രതികള്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വിടുതല്‍ ഹര്‍ജിയുമായി എത്തുകയായിരുന്നു. എന്നാല്‍, കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയാണു സി.ബി.ഐ കോടതി ചെയ്തത്.

വിചാരണയ്ക്ക് മുമ്പേ കേസ് എഴുതിത്തള്ളിയ കോടതിനടപടി ചോദ്യംചെയ്തു സി.ബി.ഐയും രണ്ടുസ്വകാര്യ വ്യക്തികളും റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി കാലതാമസം കൂടാതെ വാദം കേള്‍ക്കണമെന്നു സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുകയും ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ കോടതിവിധിയുടെ സാധുതയില്‍ സംശയം പ്രകടിപ്പിച്ചു വാര്‍ത്താ മാധ്യമങ്ങളില്‍ നിരവധിചര്‍ച്ചകള്‍ നടന്നുവെങ്കിലും താങ്കള്‍ മൗനത്തില്‍ ആയിരുന്നു.

സി.ബി.ഐ കോടതി വിധി അന്തിമവിധിപോലെ കണക്കാക്കി താങ്കളെയും മറ്റും മഹത്വവല്‍ക്കരിക്കാനാണു സി.പി.എം നേതാക്കളുടെ ശ്രമം. സംസ്ഥാനസര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ഈ കേസ് കാലതാമസം കൂടാതെ വാദം കേള്‍ക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പ്രത്യേകം എടുത്തുപറഞ്ഞതിന്റെ പ്രാധാന്യം മനസിലാക്കിക്കാണുമെന്നു വിശ്വസിക്കുന്നു. താങ്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരേ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നത് ആരോപണങ്ങളുടെ ശക്തി വിളിച്ചോതുന്നു.

സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണ നേരിടണമെന്നതു നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ന്യായമായ ആവശ്യമാണ്. താങ്കളെയും മറ്റും കുറ്റവിമുക്തമാക്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിവിഷന്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതില്‍ താമസമുണ്ടാകരുതെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ശക്തിയുക്തം എതിര്‍ത്തുകൊണ്ടുള്ള താങ്കളുടെയും മറ്റു പ്രതികളുടെയും നിലപാടില്‍നിന്നും റിവിഷന്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നുവെന്നു വ്യക്തമാണ്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ 100.5 കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ കൊണ്ട് പൂര്‍ത്തിയാക്കാമെന്നു റിപ്പോര്‍ട്ട് നല്‍കിയത് താങ്കളുടെ നേതാവായിരുന്ന ഇ. ബാലാനന്ദന്‍ ചെയര്‍മാനായ കമ്മിറ്റി ആയിരുന്നു. 1997 ഫെബ്രുവരി രണ്ടിനു സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പരിശോധിക്കാന്‍പോലും താങ്കള്‍ തയാറായില്ല. അതിനുപകരം അന്നു മന്ത്രിയായിരുന്ന താങ്കളുടെ നേതൃത്വത്തില്‍ ഒരു സംഘം കാനഡയില്‍ പോവുകയും 243.98 കോടി രൂപയ്ക്ക് ഇടത്തട്ടുകാരായ ലാവ്‌ലിന്‍ കമ്പനിയ്ക്ക് സപ്ലൈ കരാര്‍ നല്‍കുകയും ചെയ്തു. ആഗോള ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നല്ലോ ഈ നടപടി. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.

തലശ്ശേരിയിലെ നിര്‍ദ്ദിഷ്ട മലബാര്‍ കാന്‍സര്‍ സെന്ററിനു 98.4 കോടി രൂപ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കുമെന്ന ഉറപ്പാണു താങ്കളെ ഈ വഴിവിട്ട തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ട്. വാഗ്ദാനം ചെയ്ത തുക കാന്‍സര്‍ സെന്ററിനു ലഭിക്കാനുതകുന്നവിധത്തില്‍ ഒരു കരാര്‍ ലാവ്‌ലിന്‍ കമ്പനിയുമായി എഴുതിപ്പിടിപ്പിക്കുന്നതിലുണ്ടായ വീഴ്ച കുറ്റകരമായ ഗൂഢാലോചനയുടെയും ഭാഗമായിരുന്നെന്നാണു സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.

ലാവ്‌ലിന്‍ കമ്പനി കാന്‍സര്‍ സെന്ററിനു നല്‍കിയെന്ന് പറയുന്ന 12 കോടി രൂപപോലും സംസ്ഥാനസര്‍ക്കാരിനോ വൈദ്യുതിബോര്‍ഡിനോ കാന്‍സര്‍സെന്ററിനോ നല്‍കാതെ ലാവ്‌ലിന്‍ കമ്പനിയുടെതന്നെ ഏജന്റായ ടെക്‌നിക്കാലിയ മുഖാന്തിരം ചെലവഴിച്ചതിലെ അഴിമതിയും ഗൗരവമുള്ളതാണ്. നൂറുകോടിക്കു പൂര്‍ത്തിയാക്കാവുന്ന പദ്ധതി ആഗോള ടെന്‍ഡര്‍പോലും വിളിക്കാതെ വിദേശ കമ്പനിക്ക് 243.98 കോടി രൂപയ്ക്കു കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടത്തെ നിസാരവല്‍ക്കരിച്ച താങ്കള്‍ അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നവകേരള മാര്‍ച്ച് നടത്തുന്നത് ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം.

കരാര്‍ സംഖ്യയില്‍ യന്ത്രങ്ങളുടെ വിലയായി 41 ശതമാനവും അതിലും കവിഞ്ഞ തുകയായി 59 ശതമാനം സര്‍വിസിനുമായി നീക്കിവച്ചതില്‍ നിന്നുതന്നെ അഴിമതിയുടെ ആഴം മനസിലാക്കാവുന്നതാണല്ലോ. 24.5.95 ല്‍ അന്നത്തെ കേന്ദ്ര ഊര്‍ജ വകുപ്പു സെക്രട്ടറി കേരളാ ഊര്‍ജവകുപ്പു സെക്രട്ടറിക്ക് അയച്ച കത്തില്‍ത്തന്നെ വൈദ്യുതികരാറുകള്‍ നല്‍കുമ്പോള്‍ ടെന്‍ഡര്‍വിളിച്ചു മത്സരാടിസ്ഥാനത്തില്‍ മാത്രമേ നല്‍കാവുയെന്നു നിഷ്‌കര്‍ഷിച്ചിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവ്‌ലിന്‍ കമ്പനിക്കു പി.എസ്.പി പദ്ധതികളുടെ നവീകരണ കരാര്‍ നല്‍കരുതെന്ന് അന്നത്തെ വൈദ്യുത ബോര്‍ഡ് മെമ്പറും പിന്നീട് കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലുമായിരുന്ന വിനോദ് റായി ഉന്നയിച്ച തടസ്സവാദങ്ങളും അവഗണിച്ചു.
ലാവ്‌ലിന്‍ ഇടപാടുമൂലമുണ്ടായ നഷ്ടം സുബൈദാ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് അനുസരിച്ച് സമാനമായ ശബരിഗിരി പദ്ധതിയുടെ മെഗാവാട്ട് നിരക്കിനേക്കാള്‍ 242 ശതമാനം കൂടുതല്‍ ചെങ്കുളം പദ്ധതിയുടെ നവീകരണത്തിനു ചെലവഴിച്ചിട്ടുണ്ട്.

അതേപോലെ പള്ളിവാസല്‍ പദ്ധതിക്ക് 227 ശതമാനവും പന്നിയാറിന് 90 ശതമാനവും അധികരിച്ച മെഗാവാട്ട് നിരക്കില്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തു. നേര്യമംഗലം പദ്ധതിക്ക് 1.07 കോടിയും ശബരിഗിരിക്ക് 26 ലക്ഷവും കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് 66 ലക്ഷവും മെഗാവാട്ട് നിരക്ക് നല്‍കിയപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് 3.21 കോടി രൂപ മെഗാവാട്ട് നിരക്ക് നിശ്ചയിച്ച് കരാര്‍ എഴുതിയതു വന്‍ അഴിമതിയാണെന്ന് സുബൈദ കമ്മറ്റി കണ്ടെത്തിയിരുന്നു.
സി.ബി.ഐ കോടതി താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ നടപടി നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദം കഴമ്പുള്ളതായി ബഹു.ഹൈക്കോടതി നിരീക്ഷിച്ചതിനെ മാധ്യമ ലോകം ഒന്നടങ്കം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ നവകേരള യാത്രയില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ മറുപടി പറയില്ലെന്ന നിലപാടു താങ്കളും സി.പി.എമ്മും അവലംബിച്ചതു കുറ്റബോധംകൊണ്ടാണെന്നു പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ? ലാവ്‌ലിന്‍ കേസില്‍ താങ്കളെയും മറ്റും കുറ്റമുക്തമാക്കിയ സി.ബി.ഐ കോടതിവിധിയുടെ സാധുതയില്‍ സംശയമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ റിവിഷന്‍ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് അനിശ്ചിതമായി നീട്ടിവയ്ക്കണമെന്ന താങ്കളുടെ ആവശ്യത്തെ കേരളസമൂഹം ആശ്ചര്യത്തോടെയാണു കാണുന്നത്. അഴിമതിക്കെതിരായി പോരാടുന്നുവെന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ മൗനം വെടിഞ്ഞ് ലാവ്‌ലിന്‍ കേസിനെപ്പറ്റി പ്രതികരിക്കാന്‍ തയാറാകണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here