മനാമ : ഒമാനില്‍ വിവിധ തസ്‌തികകളില്‍ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനും പുതുക്കാനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തി. ഇതുപ്രകാരം ഉയര്‍ന്ന തസ്‌തികകളിലെ പ്രവാസികളെ റിക്രൂട്ട് ചെയ്യാനുള്ള ഫീസ് 2,001 (ഏതാണ്ട് 3.80 ലക്ഷം രൂപ) റിയാലായി വര്‍ധിപ്പിച്ചു. ഇടത്തരം തസ്‌തികകളില്‍ 1001 റിയാലാണ് നിരക്ക്.

പ്രവാസി റിക്രൂട്ട്‌മെന്റ് ഫീസ് ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം ബുധനാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന മാനേജ്‌മെന്റ് പോസ്റ്റുകളില്‍ മാത്രമല്ല താഴെക്കിടയിലുള്ള തസ്തികകളിലും പെര്‍മിറ്റ് ഫീസ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക, സാങ്കേതിക തൊഴിലുകളില്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 601 റിയാലാണ്. മത്സ്യത്തൊഴിലാളി മേഖലയില്‍ 361 റിയാലും തൊഴിലാളി വിവരം മാറ്റുന്നതിന് 5 റിയാലും തൊഴിലുടമയെ മാറുന്നതിന് 5 റിയാലുമാണ് ഫീസീ. മൂന്നുവരെ വീട്ടുജോലിക്കാര്‍ക്ക് 141 റിയാലും നാലില്‍ കൂടുതല്‍ പേരെ കൊണ്ടുവരുന്നത് 241 റിയാലുമായി ഫീസ് വര്‍ധിപ്പിച്ചു. മൂന്നുവരെ കര്‍ഷനും കന്നുകാലികളെ പോറ്റുന്നവര്‍ക്കും 201 റിയാലും അതില്‍ കൂടുതല്‍ റിക്രൂട്ട ചെയ്യുന്നതിന് 301 റിയാലുമാണ് വര്‍ധിപ്പിച്ച നിരക്ക്.

പ്രവാസി തൊഴിലാളികളുടെ സേവനാനന്തര അവകാശങ്ങള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് മാറ്റിയതായും ഉത്തരവില്‍ പറയുന്നു. ഒമാനില്‍ ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വര്‍ക്ക് പെര്‍മിറ്റിന് ഏര്‍പ്പെടുത്തുന്നത്. സ്വദേശിവല്‍ക്കരണം ശക്തമാക്കിയിരിക്കയാണ് രാജ്യം.

2021 അവസാനത്തോടെ 40 ശതമാനം സ്വദേശികളെയും അടുത്ത വര്‍ഷം 85 ശതമാനത്തെയും നിയമിക്കാന്‍ രാജ്യം പദ്ധതിയിട്ടതായി ചൊവ്വാഴ്ച ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് ബാ’ഒവൈന്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളില്‍ കഴിഞ്ഞ ദിവസം വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകള്‍, ഇന്‍ഷുറന്‍സില്‍ ബ്രോക്കറേജ് ജോലികള്‍, മാളുകളില്‍ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍ എന്നീ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here