ശശീന്ദ്രൻ എൽ ഡി എഫിൽ നിൽക്കട്ടേയെന്ന് പരിഹാസം

ന്യൂഡൽഹി തിരുവനന്തപുരം : എൽ ഡി എഫ് വിട്ട് യു ഡി എഫിൽ ചേരുമെന്ന് പരസ്യമായി വെളിപ്പെടുത്തി മാണി സി കാപ്പൻ. യു ഡി എഫിൽ ഘടക കക്ഷിയായി പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ വെളിപ്പെടുത്തി. അതേസമയം എ കെ ശശീന്ദ്രന്റെ കൂടെയുള്ള വിഭാഗം എൽ ഡി എഫിൽ ഉറച്ച് നിന്നോട്ടെ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.എൻ സി പി ദേശീയ നേതൃത്വം തനിക്കൊപ്പമാണെന്ന പ്രതീക്ഷയും കാപ്പൻ പങ്കുവച്ചിട്ടുണ്ട്.ഇതോടെ തിരഞ്ഞെടുപ്പിന് മുൻപായി എൻ സി പി കേരളത്തിൽ പിളരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

അതേ സമയം കാപ്പൻ യു ഡി എഫിലേക്ക് പോകരുതെന്ന് എ കെ ശശീന്ദ്രൻ അഭ്യർത്ഥിച്ചു. തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നുംദേശീയ നേതൃത്വം തങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തുമ്പോൾ കാപ്പൻ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം എൻ സി പി ദുർബലമാകുന്നതോടെ കൂടുതൽ സീറ്റുകൾ അവരിൽ നിന്നും ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് സി പി എം എന്ന് അറിയുന്നു. പാലായ്ക്കു പുറമെ, കോഴിക്കോട് ജില്ലയിലെ എലത്തൂർ സീറ്റും എൻ.സി.പി യിൽ നിന്ന് ഏറ്റെടുക്കാൻ സി.പി.എം നീക്കം. എലത്തൂരിന് പകരം കണ്ണൂരോ, മറ്റേതെങ്കിലും സിറ്റിംഗ് സീറ്റോ നൽകാനാണ് ആലോചന. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനു വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം. അതേ സമയം ,കണ്ണൂരിൽ മത്സരിക്കാൻ നിലവിലെ എലത്തൂർ എം.എൽ.എയായ മന്ത്രി എ.കെ ശശീന്ദ്രന് താത്പര്യമില്ലെന്നാണ് സൂചന. നേരത്തേ, സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ നാദാപുരമാണ് പി.മോഹനനായി പാർട്ടി ആലോചിച്ചിരുന്നത്. പകരം, ബാലുശ്ശേരി വിട്ടുകൊടുക്കാമെന്നായിരുന്നു നിർദ്ദേശം. സി.പി.ഐ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ്, എലത്തൂരിലേക്ക് തിരിഞ്ഞത്.

2011ൽ ഈ മണ്ഡലം രൂപീകൃതമായ ശേഷം രണ്ട് തവണയും എൻ.സി.പി യിലെ എ.കെ ശശീന്ദ്രനാണ് ഇവിടെ നിന്ന് ജയിച്ചത്.എൻ.സി.പി പതിവായി മത്സരിച്ചുവന്ന ബാലുശ്ശേരി സംവരണ മണ്ഡലമായതോടെ സി.പി.എം ഏറ്റെടുക്കുകയായിരുന്നു. ഇതിനു ബദലായി എലത്തൂർ നൽകി. കഴിഞ്ഞ രണ്ടു തവണയായി സി.പി.എമ്മിലെ പുരുഷൻ കടലുണ്ടിയാണ് ബാലുശ്ശേരിയുടെ പ്രതിനിധി. ഇക്കുറി അദ്ദേഹം മത്സരിക്കാനിടയില്ല. എലത്തൂർ മണ്ഡലത്തിലെ പാർട്ടി പരിപാടികളിൽ പി. മോഹനൻ സജീവമാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here