ദുബൈ: യുഎഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ ദുബൈയിലെ നിയന്ത്രണങ്ങളില്‍ ഇളവ്. റസ്റ്റോറന്റുകളിലെയും കഫെകളിലെയും ഷോപ്പിങ് സെന്ററുകളിലെയും വിനോദ പരിപാടികള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ദുബൈയിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയാണ് തിങ്കളാഴ്‍ച പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

പുതിയ ഇളവുകള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ ലൈവ് വിനോദ പരിപാടികള്‍ക്ക് ഒരു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും മറ്റ് സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

വിനോദ കേന്ദ്രങ്ങളില്‍ ആകെ ശേഷിയുടെ 70 ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകള്‍ക്ക് ഈ പരിധി 100 ശതമാനം വരെയാക്കി വര്‍ദ്ധിപ്പിക്കാനും അനുമതിയുണ്ട്. പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ മാസ്‍ക് ധരിക്കുകയും ചുരുങ്ങിയത് രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും വേണം.

സ്‍പോര്‍ട്സ് ഇവന്റുകള്‍, സംഗീത പരിപാടികള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലുള്ള സാമൂഹിക പരിപാടികള്‍ എന്നിവയ്‍ക്കും അനുമതി നല്‍കും. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. കായിക പരിപാടികളില്‍ കാണികളെ അനുവദിക്കും. എന്നാല്‍ അവിടെയും വാക്സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും അനുമതി. ആകെ ശേഷിയുടെ 70 ശതമാനത്തിലധികം ആളുകള്‍ പാടില്ല.

വിവാഹ ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. ജീവനക്കാരടക്കം എല്ലാവരും കൊവിഡ് വാക്സിനെടുത്തവരായിരിക്കണം. വീടുകളിലെ വിവാഹ ചടങ്ങുകളില്‍ 30 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത്തരം സാഹചര്യങ്ങളില്‍ എല്ലാ കൊവിഡ് മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണം.

റസ്റ്റോറന്റുകളില്‍ ഒരു ടേബിളില്‍ ഇരിക്കാവുന്ന പരമാവധിപ്പേരുടെ എണ്ണം 10 ആയി വര്‍ദ്ധിപ്പിച്ചു. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന നടത്തുകയും നിയമലംഘകര്‍ക്ക് കടുത്തശിക്ഷ നല്‍കുകയും ചെയ്യും. ദുബൈയിലെ കൊവിഡ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥിതിഗതികള്‍ സൂക്ഷ്‍മമായി വിലയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here