അബൂദബി: വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങൾക്കോ പോകുന്ന മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും 10 വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. ഷോപ്പിങ്ങിനോ മറ്റേതെങ്കിലും കാരണത്താലോ വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് ശിക്ഷാർഹമാണ്.

മുതിർന്നവരുടെ മേൽനോട്ടമില്ലാത്തനിലയിൽ കുട്ടികളെ വാഹനങ്ങളിൽ ഇരുത്തുന്നത്​ അപകടകരമാണ്. വീട്ടുവളപ്പിലോ മറ്റു സ്ഥലങ്ങളിലോ പാർക്ക് ചെയ്ത വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ ഇരുത്തിപ്പോകരുത്​. മരണം ഉൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇത് ഇടയാക്കാമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ബാലാവകാശ നിയമമനുസരിച്ചാണ് ശിക്ഷ നൽകുക.

യാത്രക്കുശേഷം കുട്ടികളെ മറക്കരുതേ

കൊടുംചൂടിൽ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നതിനെതിരെ ഡോക്ടർമാർ, ട്രാഫിക് ഉദ്യോഗസ്ഥർ, കാലാവസ്ഥ വിദഗ്ധർ എന്നിവരും കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനത്തിനുള്ളിൽ കുട്ടികളെ ഇരുത്തിയശേഷം പോകുന്നത് ഹീറ്റ് സ്ട്രസ് ഉൾപ്പെടെ ഗുരുതരാവസ്ഥക്കും ശ്വാസംമുട്ടലിനും ഇടയാക്കും. 10 മിനിറ്റിനുള്ളിൽ കുട്ടികളെ മരണത്തിലേക്കുവരെ നയിച്ചേക്കാം. വെയിലത്ത് അടച്ചുപൂട്ടിയ വാഹനങ്ങളിൽ താപനില 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടി.

മുൻ വർഷങ്ങളിൽ മാതാപിതാക്കൾ അറിയാതെ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിച്ച് ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പിൻസീറ്റുകളിൽ ഉറങ്ങുന്ന കുട്ടിയെ വാഹനത്തിൽ മറന്ന് രക്ഷിതാക്കളും വേലക്കാരും വീട്ടിലേക്കു മടങ്ങിയ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സ്‌കൂൾ ബസുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളിൽ കുട്ടികളുടെ മരണത്തിനും ഇത്തരം സംഭവം കാരണമായിട്ടുണ്ട്. പാർക്ക് ചെയ്ത കാറുകൾക്കുള്ളിൽ കളിക്കുമ്പോൾ കുട്ടികൾ അബദ്ധത്തിൽ ഡോർലോക്കായി മരിക്കുന്ന സംഭവങ്ങളുമുണ്ട്​.

പാർക്ക് ചെയ്ത വാഹനങ്ങളുടെ പിൻസീറ്റിൽ കുട്ടികളെ മറക്കുന്ന സ്വഭാവം ലോകത്ത്​ എല്ലായിടത്തുമുണ്ട്​. യു.എസിൽ പ്രതിവർഷം 40 കുട്ടികൾ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ മാതാപിതാക്കൾ മറക്കുന്നതിനാൽ മരിക്കുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വാഹനങ്ങളിൽ കുട്ടികളെ മറന്ന 55 ശതമാനം രക്ഷിതാക്കളും ഇത്തരം അപകടങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതായി ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയത്തിലെ ഫാമിലി മെഡിസിൻ സ്‌പെഷലിസ്​റ്റ് ഡോ. ആദെൽ സയീദ് സജ്വാനി ചൂണ്ടിക്കാട്ടി.

ഉറങ്ങുന്ന കുട്ടിയെ തിരിച്ചെത്തു​േമ്പാൾ കാറിൽനിന്ന് പുറത്തിറക്കാമെന്ന് കരുതിയാണ്​ വാഹനം പൂട്ടി രക്ഷിതാക്കൾ പോകുന്നത്​. എന്നാൽ, പൂട്ടിയ വാഹനത്തിൽ 10 മിനിറ്റ്​ കഴിഞ്ഞാൽ കുട്ടികൾ മരിക്കാം. അടച്ചുപൂട്ടിയ കാറുകൾക്കുള്ളിലെ താപനില കുത്തനെ ഉയരുന്നതാണ് കാരണം. വെയിലത്ത് പാർക്കു ചെയ്ത കാറിനുള്ളിൽ തനിച്ചാവുന്ന കുട്ടികളിൽ ഓക്‌സിജ​െൻറ അഭാവത്തോടൊപ്പം ഹീറ്റ്‌സ്‌ട്രോക്കും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതും മരണത്തിനിടയാക്കാം.

ജൂൺ മുതൽ ആഗസ്​റ്റ് അവസാനം വരെ അറേബ്യൻ ഉപദ്വീപിൽ ഏറ്റവും ചൂടേറിയ കാലഘട്ടമാണ്. വെളിയിലെ താപനില 40 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ കാറുകൾക്കുള്ളിലെ താപനില അരമണിക്കൂറിനുള്ളിൽ 60 ഡിഗ്രി സെൽഷ്യസിൽ കവിയാൻ സാധ്യതയുണ്ട്. കുട്ടിയെയോ രോഗിയെയോ പ്രായമായവരെയോ ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ ദീർഘനേരം ഇരുത്തിയാൽ ചൂടും ക്ഷീണവും ശ്വാസംമുട്ടലും അനുഭവപ്പെടാം. ഇത് മരണത്തിലേക്ക് നയിക്കാമെന്ന് ജ്യോതിശാസ്ത്ര ബഹിരാകാശ ശാസ്ത്രജ്ഞനായ ഇബ്രാഹിം അൽ ജർവാൻ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here