മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡെസ്ക്കിന്റെ സേവനം വിപുലപ്പെടുത്തുന്നു. ജൂലൈ 20 മുതൽ എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ 8.30 വരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഹെൽപ് ഡെസ്ക് പുനഃസംഘടിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ചാരിറ്റി-നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ഉൾപ്പെടുന്ന ഹെൽപ് ഡെസ്കിന്റെ കൺവീനർ രാജേഷ് ചേരാവള്ളിയാണ്. ശാന്ത രഘു, സക്കറിയ എബ്രഹാം, പ്രസന്ന വേണുഗോപാൽ, ഷൈന ശശി, വേണുഗോപാൽ, ജയശ്രീ സോമനാഥ്, സിജി ബിനു, ജോജൻ ജോൺ, ലത മണികണ്ഠൻ, സുനീഷ് സാസ്കോ, മണികണ്ഠൻ, അജിത രാജേഷ്, നീതു സലീഷ്, രേഷ്മ സുജിത്ത്, സുനിൽ തോമസ്, വിനോദ് ജോൺ എന്നിവരാണ് മറ്റ് അംഗങ്ങൾ.

 

ബഹ്‌റൈൻ മലയാളികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധിയിൽ അംഗങ്ങളാകൽ എന്നീ കാര്യങ്ങൾക്ക് സമാജത്തിലെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ, ബഹ്‌റൈനിൽനിന്നു കൊണ്ടുപോകുന്ന മൃതദേഹങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് വീട്ടിലേക്ക് എത്തിക്കാൻ നോർക്ക ആംബുലൻസ് സേവനങ്ങളും സമാജം-നോർക്ക ഹെൽപ് ഡെസ്ക് വഴി സൗകര്യമൊരുക്കുന്നുണ്ട്. ബഹ്‌റൈനിൽനിന്നും നാട്ടിലേക്ക് പോകുന്ന രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയാറാക്കേണ്ട രേഖകളുടെ മാതൃകകൾ, ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ എന്നിവക്കായും സമാജത്തിനെ സമീപിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here