ദുബൈ: ദുബൈയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയത്​ 28 മണിക്കൂർ. ചൊവ്വാഴ്ച ഉച്ചക്ക്​ 2.45ന്​ പുറപ്പെടേണ്ട എ.ഐ 938 വിമാനമാണ്​ ബുധനാഴ്ച വൈകുന്നേരം 6.40ന്​ പുറപ്പെട്ടത്​. ഇതോടെ പ്രായമായവരും കുഞ്ഞുങ്ങളും അടക്കം 150ഓളം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലും ഹോട്ടലിലുമായി ഒരു ദിവസം മുഴുവൻ കുടുങ്ങി.

സാ​ങ്കേതിക തകരാറിനെ തുടർന്നാണ്​ വിമാനം വൈകിയതെന്നാണ്​ അധികൃതരുടെ ന്യായീകരണം. ചൊവ്വാഴ്ച ഉച്ചയോടെ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക്​ കയറ്റിയിരുന്നു. എന്നാൽ, അഞ്ച്​ മണിയോടെ തിരിച്ചിറക്കി. എ.സി പോലും ഓൺചെയ്യാതെയാണ്​ പൊരിവെയിലത്ത്​ കുഞ്ഞുങ്ങളടക്കമുള്ളവരെ വിമാനത്തിലിരുത്തിയതെന്ന്​ യാത്രക്കാർ ആരോപിക്കുന്നു. തിരിച്ചിറങ്ങിയെങ്കിലും വിമാനം എപ്പോൾ പോകുമെന്ന്​ അധികൃതർ വ്യക്​തമാക്കിയില്ല. രാ​ത്രിയോടെ വിസിറ്റ്​ വിസക്കാർ അല്ലാത്തവരെ​ ഹോട്ടലിലേക്ക്​ മാറ്റി. വിമാനം രാവിലെ പുറപ്പെടും എന്നായിരുന്നു അറിയിപ്പ്​. ഇതോടെ രാത്രി 11ന്​ യാത്രക്കാർ ഹോട്ടലിലേക്ക്​ മാറി. ബാഗേജ്​ നേരത്തെ വിമാനത്തിൽ കയറ്റിയതിനാൽ വസ്ത്രം മാറാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിസിറ്റ്​ വിസക്കാരും വിസ കാലാവധി കഴിയുന്നവരും വിമാനത്താവളത്തിലെ സീറ്റിലിരുന്ന്​ നേരം വെളുപ്പിച്ചു. രാവിലെയായിട്ടും എയർഇന്ത്യ അധികൃതരിൽ നിന്ന്​ അറിയിപ്പൊന്നും ലഭിച്ചില്ല. വിളിച്ചിട്ട്​ ഫോൺ എടുത്തുമില്ല. ഇതോടെ യാത്രക്കാർ വീണ്ടും പ്രതിഷേധവുമായെത്തി.

 

ഒടുവിൽ ബുധനാഴ്ച വൈകുന്നേരം നാല്​ മണിയോടെ വീണ്ടും വിമാനത്തിൽ കയറ്റി. ഇതിന്​ ശേഷവും ഒന്നര മണിക്കൂറോളം വിമാനത്തിൽ ഇരുത്തി. ദുബൈയിലെ 40 ഡിഗ്രി ചൂടിൽ എ.സി പോലുമില്ലാതെയാണ്​ ഇവരെ വിമാനത്തിൽ ഇരുത്തിയത്​. ഒടുവിൽ 6.40 ഓടെ വിമാനം പുറപ്പെടുകയായിരുന്നു. വിവാഹം, ചികിത്സ അടക്കം അടിയന്തരാവശ്യങ്ങൾക്കും മറ്റും നാട്ടിലെത്തേണ്ടിയിരുന്ന നൂറുകണക്കിന്​ യാത്രക്കാർക്ക് വിമാനത്തിലുണ്ടായിരുന്നു.​ എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന്​ കടുത്ത തിക്​താനുഭവങ്ങളാണ്​ ഉണ്ടായത്​. കഴിഞ്ഞ മാസവും എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here