അബൂദബി: നാട്ടില്‍നിന്ന് അടിയന്തരമായി ഗള്‍ഫിലേക്ക് വരേണ്ടവർക്ക് ടിക്കറ്റിന് തീവില. മധ്യവേനലവധിക്ക് നാട്ടിലേക്കുപോയ കുടുംബങ്ങളുടെ മടങ്ങിവരവ് തുടരുന്നതിനാല്‍ നേരിട്ടുള്ള ടിക്കറ്റുകള്‍ എത്ര പണം നല്‍കിയാലും ലഭിക്കാനില്ലെന്ന സ്ഥിതിയുമുണ്ട്. നേരത്തെ യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റ് എടുത്തവര്‍ക്കു മാത്രമാണ് യാത്രാനിരക്കില്‍ ആശ്വാസമുള്ളത്. അതേസമയം, അടിയന്തര യാത്രക്കാരില്‍നിന്ന് കൊള്ള ലാഭമാണ് വിമാനക്കമ്പനികള്‍ കൊയ്യുന്നത്.

 

വന്‍ തുക നല്‍കിയാലും കണക്ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കൊച്ചിയില്‍ നിന്ന് ഈ ആഴ്ചകളില്‍ 30,000 രൂപ മുതല്‍ മുകളിലേക്കുള്ള ടിക്കറ്റുകളേ ഉള്ളൂ.

സെപ്റ്റംബര്‍ അവസാന ആഴ്ചവരെ ഇതേ ടിക്കറ്റ് നിരക്കുതന്നെ തുടരുമെന്നാണ് യാത്രക്കാരുടെ തിരക്ക് സൂചിപ്പിക്കുന്നത്. സ്‌കൂളുകള്‍ തുറന്നതോടെ യു.എ.ഇയിലേക്കുള്ള പ്രവാസി കുടുംബങ്ങളുടെ ഒഴുക്ക് തുടരുകയാണ്. അധികംപേരും തിരികെ യാത്രക്ക് ടിക്കറ്റ് മാസങ്ങള്‍ക്കുമുമ്പേ എടുത്തിരുന്നതിനാല്‍ നേരിയ ആശ്വാസമുണ്ട്. എങ്കിലും ഒരാള്‍ക്ക് 20,000 രൂപക്ക് താഴേക്ക് ടിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല.

എല്ലാവര്‍ഷവും മധ്യവേനലവധി ഫ്ലൈറ്റ് കമ്പനികളുടെ ചാകരക്കാലമാണ്. കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവര്‍ ഇക്കുറി പോയതിനാൽ വന്‍ തിരക്കിനു കാരണമായി.

വേനലവധിയും കോവിഡിനു ശേഷമുള്ള യാത്രയുമെല്ലാം പ്രവാസികളെ പരമാവധി ചൂഷണം ചെയ്യാനുള്ള അവസരമായാണ് വിമാനക്കമ്പനികള്‍ എടുത്തിട്ടുള്ളത്.

ഒരു ന്യായീകരണവുമില്ലാത്ത ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടുമില്ല. അവധിക്കാലങ്ങളില്‍ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നത് കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ്.

ഒരിക്കൽപോലും അനുകൂല സമീപനം അധികാരികളില്‍ നിന്നുണ്ടാവാത്തത് കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

വന്‍ നിരക്കുമൂലം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വേനലവധിക്ക് നാട്ടിൽപോകാനും സാധിക്കാറില്ല. മുന്‍കൂട്ടി ടിക്കറ്റ് എടുക്കുമ്പോള്‍ പോലും വേനലവധിയുടെ തിരക്ക് മുന്‍കൂട്ടിക്കണ്ട് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതാണ് വിമാനക്കമ്പനികളുടെ രീതി.

അടിയന്തര യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇതിന്‍റെ രണ്ടും മൂന്നും ഇരട്ടി നിരക്ക് നല്‍കേണ്ടിയും വരും. ലക്ഷക്കണക്കിനു പ്രവാസികളാണ് ഓരോ അവധിക്കാലത്തും വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നതും മടങ്ങുന്നതും.

അതിനാല്‍ തന്നെ ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള കമ്പനികള്‍, ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് കേരളത്തിലേക്ക് മാത്രമായി വന്‍ തുക ഈടാക്കുന്നത് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here