ദുബായ്: ദുബായ് അടക്കം യുഎഇയിലെ പല പ്രദേശങ്ങളിലും ദിവസങ്ങളായി മഴ ലഭിച്ചു വരികയാണ്. ചൂടിന് ആശ്വാസമായി എത്തിയ മഴ മൂലമുണ്ടായേക്കാവുന്ന വെള്ളക്കെട്ടും അപകടങ്ങളും ഒഴിവാക്കാനായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പും രാജ്യം പുറപ്പെടുവിച്ച് കഴിഞ്ഞു. എന്നാൽ മഴയുടെ പശ്ചാത്തലത്തിൽ ദുബായിയുടെ ആഡംബരത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന അംബരചുംബിയായ ബുർജ് ഖലീഫയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ബുർജ് ഖലീഫയുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. ദുബായ് മഴയെ വരവേൽക്കുന്നതിന്റെ പ്രതീകമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കുട ചൂടുന്ന രസകരമായ വീഡിയോ ആണ് ഹംദാൻ പങ്കുവെച്ചത്.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ വരവേൽക്കുന്നതിനൊപ്പം തന്നെ ബുർജ് ഖലീഫയുടെ വീഡിയോയും നിരവധി പേർ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.

ബുർജ് ഖലീഫയിലെ 160 നിലകളും നടന്നു കയറിയതിന് ഇതിന് മുൻപും ഷെയ്ഖ് ഹംദാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന ഹംദാൻ ഡിസംബർ ആദ്യ വാരം നടന്ന ബുർജ് ഖലീഫ ചാലഞ്ചിന്റെ ഭാഗമായി 37 മിനിറ്റും 38 സെക്കന്റും കൊണ്ടാണ് തന്റെ അനുയായികളോടൊപ്പം ബുർജ് ഖലീഫയുടെ 160-ാം നില വരെ നടന്ന് കയറിയത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഒന്നരക്കോടിയോളം ഫോളോവേഴ്സുള്ള തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here