തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ കരിങ്കൊടി. വാര്‍ത്താസമ്മേളനം നടക്കുന്ന ഹോട്ടലില്‍ വച്ച് എബിവിപി പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.

രണ്ട് പേര്‍ വാര്‍ത്താസമ്മേളനത്തിനിടെ കരിങ്കൊടിയുമായി മുന്നിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ വേദിക്ക് മുന്നിലിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. കോളേജിനെതിരെ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. മറ്റ് കോളേജുകളെ അപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്ക് സുതാര്യമായാണ് നല്‍കുന്നത്.

ക്ലാസ്സുകള്‍ക്ക് ശേഷം രാത്രി എട്ട് മണിവരെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കളിക്കാന്‍ വിശാലമായ മൈതാനമുണ്ട്. ഇലക്ഷന്‍ കാംപയിന് പോകുന്നവര്‍ക്ക് വരെ ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പലാണ് താനെന്നും അവര്‍ പറഞ്ഞു. അസഭ്യം പറയുന്നത് എന്റെ രീതിയല്ലെന്നും അവര്‍ പറഞ്ഞു. കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അവര്‍ നിഷേധിച്ചു

കോളേജില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ സമരം എട്ടുദിവസം പിന്നിട്ടു. വിദ്യാര്‍ഥികളെ അകാരണമായി പീഡിപ്പിക്കുന്ന പ്രിന്‍സിപ്പലിനെ പുറത്താക്കുക, ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും സുതാര്യമാക്കുക, വിദ്യാര്‍ഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ക്യാമറകള്‍ നീക്കം ചെയ്യുക, നവമാധ്യമങ്ങളിലെ വിദ്യാര്‍ഥി സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കുക, മാനേജ്‌മെന്റിന്റെ സദാചാര പൊലീസിങ് അവസാനിപ്പിക്കുക, കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുക, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വാതന്ത്യം അനുവദിക്കുക, വിദ്യാര്‍ഥികളോടുള്ള പക്ഷപാതിത്വം മാനേജ്‌മെന്റ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വിവിധ വര്‍ഗബഹുജന സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി. ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ ക്യാമ്പസിലെ പ്രശ്‌നങ്ങള്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here