നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ നിന്നും മോഷണംപോയ പുരസ്‌കാര സാക്ഷ്യപത്രം ഒരു മാസത്തിനു ശേഷം കണ്ടെടുത്തു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഘവിഹാറിന് സമീപം കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ സാക്ഷ്യപത്രം കണ്ടെത്തിയത്.

ഫെബ്രുവരി ആറിന് രാത്രി സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മോഷണം നടന്ന് പിറ്റേന്നു തന്നെ നൊബേല്‍ പുരസ്‌കാരത്തിന്റെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഒപ്പം നഷ്ടപ്പെട്ട സാക്ഷ്യപത്രം കണ്ടെത്തിയിരുന്നില്ല. മോഷ്ടാക്കളെ ചോദ്യം ചെയ്യുന്നതിനിടയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് സാക്ഷ്യപത്രം കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സത്യാര്‍ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പുരസ്‌കാരവും പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിക്കപ്പെട്ടത്. മോഷണം നടക്കുന്ന സമയത്ത് സത്യാര്‍ഥി അളകനന്ദ ഫഌറ്റില്‍ ഇല്ലായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് മോഷ്ടിക്കപ്പെട്ടത്.

2014ലാണ് ബാലാവകാശ പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. മലാല യൂസഫ് സായിക്കൊപ്പമായിരുന്നു അദ്ദേഹം പുരസ്‌കാരം പങ്കിട്ടത്. മദര്‍ തെരേസയ്ക്ക് ശേഷം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കൈലാഷ് സത്യാര്‍ഥി.

LEAVE A REPLY

Please enter your comment!
Please enter your name here