കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും വലിയ പട്ടണമായ കൊച്ചിയിലെ വഴികളില്‍ കുരുങ്ങിക്കിടന്ന മണിക്കൂറുകള്‍ ഓര്‍ക്കുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാന്‍ മടിച്ചിരുന്ന വിദേശ വിനോദ സഞ്ചാരികള്‍ പോലും ഇനി ഓരോ സീണിലും കൊച്ചിയിലെത്തും. മെട്രോയും ഫീഡര്‍ സര്‍വീസുകളും വിനോദ സഞ്ചാരികള്‍ക്കു തുറന്നുകൊടുക്കുന്നതു കൊച്ചിയുടെ പുതിയ ടൂറിസം വഴികളാണ്. വിനോദ സഞ്ചാരികള്‍ക്കു മുന്‍പില്‍ മെട്രോ റയില്‍ വിശാല കൊച്ചി എന്ന ആശയം യാഥാര്‍ഥ്യമാക്കുമെന്നാണു കേരളത്തിന്റെ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറയുന്നത്. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമുള്ള കൊച്ചിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ വിനോദ സഞ്ചാരികള്‍ തയാറാകും. മെട്രോ രാജ്യാന്തര വിമാനത്താവളം വരെ നീട്ടേണ്ടതു വിനോദസഞ്ചാരികളുടെ മാത്രമല്ല, കേരളത്തിന്റെ പൊതു ആവശ്യമാണെന്നും അദേഹം പറയുന്നു.
ഗതാഗത സൗകര്യം മെച്ചപ്പെടുമ്പോള്‍ തീര്‍ച്ചയായും കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ വളരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.. മെട്രോ വിനോദസഞ്ചാര മേഖലയ്ക്കു പുത്തന്‍ ഉണര്‍വു നല്‍കും. ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന മണിക്കൂറുകള്‍ കൂടി കൊച്ചിയുടെ സൗന്ദര്യമാസ്വദിക്കാന്‍ ലഭിക്കുന്നതു ചെറിയ കാര്യമല്ല. മെട്രോയും അനുബന്ധ സര്‍വീസുകളും അടങ്ങുന്ന പൊതുഗതാഗത സംവിധാനം കൊച്ചിക്കു നല്‍കുന്നതു പുതിയ മുഖമായിരിക്കും. ഫീഡര്‍ സര്‍വിസുകള്‍ പുതിയ സ്ഥലങ്ങളിലേക്കു പോകാനുള്ള വഴി തുറക്കും. മെട്രോയുടെ വരവോടെ വിശാല കൊച്ചി എന്ന ഡെസ്റ്റിനേഷന്‍ യാഥാര്‍ഥ്യമാകും. ഗ്രേറ്റര്‍ കൊച്ചി എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കു വിദേശികളടക്കം കൂടുതല്‍ സഞ്ചാരികളെത്തും.
മെട്രോവഴി കൊച്ചി ഇന്റര്‍നാഷനല്‍ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനത്തേക്ക് ഉയരും. വിദേശ നഗരങ്ങളില്‍ കണ്ടു വരുന്നതു പോലെയുള്ള പല തരത്തിലുള്ള ടിക്കറ്റിങ് സംവിധാനങ്ങള്‍ ഇവിടെയും പരീക്ഷിക്കാന്‍ സാധിക്കും. വികസിത രാജ്യങ്ങളില്‍ വിനോദ സഞ്ചാരികള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാണു നഗരങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്യുക .

 

മെട്രോയിലൂടെ ഉയര്‍ന്ന നിലവാരമുള്ള പൊതുഗതാഗത സംവിധാനം കൊച്ചിയിലും സാധ്യമാകുകയാണ്. രണ്ടു ദിവസം കൊണ്ടു കണ്ടു തീര്‍ക്കാവുന്ന ഒരു ഡെസ്റ്റിനേഷന്‍ കൊച്ചി യുടെ ഇന്നത്തെ സ്ഥിതി ഇതാണ്. സ്ഥിരമായ നാലോ അഞ്ചോ സ്‌പോട്ടുകള്‍ മാത്രം. എന്നാല്‍ സന്ദര്‍ശകര്‍ കാണാതെ പോകുന്ന, അവരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന, ഒട്ടേറെ പുതിയ സ്ഥലങ്ങളും അനുഭവങ്ങളുമുണ്ട് കൊച്ചിയില്‍. ഇവയെല്ലാം കൊച്ചിയുടെ ടൂറിസം മാപ്പില്‍ ഇടം പിടിക്കേണ്ടതുണ്ട്. മെട്രോയുടെ വരവോടെ ഇത്തരം സ്ഥലങ്ങളിലേക്കു പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യം ലഭിക്കും. അങ്ങനെ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ടൂറിസം വരുമാനം ഉയരും– കൊച്ചിയുടെയും കേരളത്തിന്റെയും-വിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here