കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ സിനിമാതാരം ദിലീപിനെ മുഖ്യപ്രതി പള്‍സര്‍ സുനില്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണസംഘം. പള്‍സര്‍ സുനി (സുനില്‍കുമാര്‍) ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. സുനി ഫോണ്‍ വിളിച്ചവരില്‍ ദിലീപിന്റെ ഫോണ്‍ നമ്പറുകള്‍ ഇല്ലെന്നും കണ്ടെത്തി. ഇതില്‍ വ്യക്തത വരുത്താനായി സുനി ഫോണ്‍ വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണു പൊലീസിന്റെ നീക്കം.
എന്നാല്‍ ജയിലില്‍നിന്നു ഫോണ്‍ വിളിച്ചതു നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നു സുനി മൊഴി നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ആദ്യം വിളിച്ചതു മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍നിന്നാണെന്നും സുനി പറഞ്ഞു. സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ ഇന്നു ചോദ്യം ചെയ്‌തേക്കും. അതിനിടെ, ഗൂഢാലോചനയിലാണോ അന്വേഷണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നടിയെ ആക്രമിച്ച കേസിലാണ് അന്വേഷണമെന്നായിരുന്ന സുനിയുടെ മറുപടി. മരണമൊഴിയാണ് ഇപ്പോള്‍ എടുക്കുന്നതെന്നും സുനി പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങിയ സുനിയെ ഇന്‍ഫൊപാര്‍ക്ക് സ്റ്റേഷനില്‍ എത്തിക്കവെയാണ് മാധ്യമങ്ങളെ കണ്ടത്.
യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നതിനിടെയാണ് നടന് ക്ലീന്‍ചിറ്റ് നല്‍കാനൊരുങ്ങുന്നത്. എന്തായാലും കേസുമായി ബന്ധപ്പെട്ട പല സാധ്യതകള്‍ അന്വേഷിക്കാന്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് നീങ്ങുന്നത്. മൊഴികള്‍ അപ്പപ്പോള്‍ പരിശോധിച്ചു ബോധ്യപ്പെടാന്‍ ലോക്കല്‍ പൊലീസിന്റെ സഹായവും തേടും. അന്വേഷണത്തില്‍ പൊലീസിനെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ വിരുതു കാരണം കേരളാ പൊലീസിലെ മുന്‍നിര ചോദ്യം ചെയ്യല്‍ വിദഗ്ധരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here