കൊച്ചി: ആതുരസേവനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നഴ്‌സുമാര്‍ക്ക് തെല്ല് ആശ്വാസമായി കേരളത്തിലെ കത്തോലിക്ക സഭ. സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാരുടെ അടക്കം ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കെ.സി.ബി.സി ലേബര്‍ കമീഷന്റെയും ഹെല്‍ത്ത് കമീഷന്റെയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്തയോഗമാണ് തീരുമാനമെടുത്തത്.
കെ.സി.ബി.സി ലേബര്‍ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച എറണാകുളം പി.ഒ.സിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി. അനുദിനം ഉയരുന്ന ജീവിതച്ചെലവുകള്‍ പരിഗണിച്ചാണ് വേതന വര്‍ധന തീരുമാനിച്ചത്. നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സംവിധാനങ്ങളുടെ തീരുമാനങ്ങള്‍ വൈകുന്നതുമൂലം പുതിയൊരു വേതന സ്‌കെയില്‍ രൂപപ്പെടുത്താന്‍ നിശ്ചയിച്ചു. ഇതിന് 11 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്റ്റ് മുതല്‍ നല്‍കും.
കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി ലേബര്‍ കമീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ് തോമസ്, ഹെല്‍ത്ത് കമീഷന്‍ സെക്രട്ടറി ഫാ. സൈമണ്‍ പള്ളൂപേട്ട, കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറമ്പില്‍, കമീഷന്‍ ജോയന്റ് സെക്രട്ടറി ജോസഫ് ജൂഡ് എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here