കോട്ടയം: കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രി സ്ഥാനം ഒരു മോഹമോ ദൗര്‍ബല്യമോ അല്ലെന്ന് ജോസ് കെ. മാണി എം.പി. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്ഥാന വാഗ്ദാനത്തില്‍ തങ്ങള്‍ വീണുപോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ പരിഹാസമാണ് തോന്നുന്നത്. കേന്ദ്രമന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസിനെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മുമായി അമിത് ഷാ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫേസ് ബുക്കിലൂടെയുള്ള കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം.
ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി വോട്ട് രേഖപ്പെടുത്തിയ സംഭവവികാസത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ എല്‍ഡിഎഫിന്റെ ഭാഗമായി ചിത്രീകരിച്ച ഇവര്‍ ഇപ്പോള്‍ ജിഎസ്ടി യോഗത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സിനെ ബിജെപിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.. ഒരാഴ്ചമുമ്പ് ബിജെപിയുടെ പ്രസിഡണ്ടുസ്ഥാനാര്‍ത്ഥിക്കെതിരായി പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാകുമാറിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടുനല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്സെന്നും കഴിഞ്ഞ ദിവസം മീരാകുമാര്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ ആവശ്യമായ പിന്തുണ നേരിട്ട് പ്രഖ്യാപിക്കുകയും രാഷ്ട്രീയ നിലപാടു സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്സെന്നും ഇവര്‍ സൗകര്യപൂര്‍വ്വം മറന്നുപോവുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ജിഎസ്ടി നിലവില്‍ വരുന്നതിന്റെ ഭാഗമായുള്ള സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ കെ.എം.മാണി പങ്കെടുത്തതിനെ ബിജെപിയുമായുള്ള ബന്ധമായി ചിത്രീകരിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഏതെങ്കിലുമൊരു മുന്നണിയുടെ പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ കുറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗീബല്‌സിന്റെ വേഷംകെട്ടിയ വ്യാജ പ്രചാരകര്‍ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് ഞങ്ങള്‍ക്കുള്ളതിനെക്കാള്‍ വേവലാതിയും കരുതലും ഈ ആത്മമിത്രങ്ങള്‍ക്ക് ഉണ്ട് എന്നതില്‍ നന്ദിയുണ്ട്.
ജിഎസ്ടി യോഗത്തില്‍ എന്‍സിപി നേതാവായ ശരത് പവാര്‍ അടക്കമുള്ള നിരവധി പ്രമുഖരായ നേതാക്കള്‍ പ്രതിപക്ഷനിരയില്‍നിന്നും പങ്കെടുത്തിരുന്നു.അത് പോലെ തന്നെ മുന്‍ ധനകാര്യമന്ത്രിമാരും, മന്ത്രിതലസമിതിയുടെ മുന്‍ അദ്ധ്യക്ഷന്മാരും ഈ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. സിപിഎം യോഗത്തില്‍നിന്നു വിട്ടുനിന്നപ്പോഴും പശ്ചിമബംഗാളിലെ സിപിഎം നേതാവും മുന്‍ ധനകാര്യ മന്ത്രി കൂടിയ ആയ അസിം ദാസ് ഗുപ്ത ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.

കെ.എം.മാണി ജിഎസ്ടിയെ സംബന്ധിച്ച മന്ത്രിതലസമിതിയുടെ അദ്ധ്യക്ഷനായിരുന്നയാള്‍ എന്ന നിലയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ എം.പിമാരും ആ ചടങ്ങില്‍ പങ്കെടുക്കുക സ്വാഭാവികമാണ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനെ രാഷ്ട്രീയബന്ധമായി ചിത്രീകരിക്കാനാണെങ്കില്‍ ഡല്‍ഹിയില്‍ സ്ഥിരം നടക്കുന്ന ഇത്തരം യോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയായിരിക്കാം ഇത്തരക്കാരെ കള്ള പ്രചരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ അജ്ഞതയ്ക്കപ്പുറം കേരളാ കോണ്‍ഗ്രസ്സിനെ സ്‌നേഹിച്ച് ശ്വാസം മുട്ടിക്കലാണ് ലക്ഷ്യം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടുകള്‍ വളരെ സുവ്യക്തമാണ്. ചരല്‍ക്കുന്ന് ക്യാമ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത രാഷ്ട്രീയ തീരുമാനവും പ്രമേയവും ഇപ്പോഴും നിലനില്‍ക്കുകയാണ്. അതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വരുമ്പോള്‍ അനുയോജ്യവും ഉചിതവുമായ നിലപാടു സ്വീകരിക്കാനുള്ള പ്രാപ്തി കേരളാ കോണ്‍ഗ്രസ്സിനുണ്ട്. അതു പാര്‍ട്ടി ഒറ്റക്കെട്ടായി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും ജോസ്.കെ.മാണി പറയുന്നു.
ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കി ബിജെപി മുന്നണിയില്‍ പ്രവേശനം നേടാന്‍ തീരുമാനിച്ചുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഗവര്‍ണര്‍ സ്ഥാനം കൂടി ലഭിക്കും. പാര്‍ട്ടി സ്ഥാപകനും ചെയര്‍മാനുമായ കെ എം മാണിയാണ് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ ഏതിലെങ്കിലുമൊന്നില്‍ ഗവര്‍ണറാവുക. ഇതോടെ മാണിയൊഴിയുന്ന ചെയര്‍മാന്‍ സ്ഥാനം പി.ജെ.ജോസഫിനു ലഭിക്കമെന്നുമായിരുന്നു പ്രചാരണം.

LEAVE A REPLY

Please enter your comment!
Please enter your name here