കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയ്‌ക്കെതിരേ വീണ്ടും നിര്‍ണായക കണ്ടെത്തല്‍. നടിയെ തട്ടിക്കൊണ്ടുപോകുന്നത് പള്‍സറിന്റെ ഹോബിയോ എന്നു സംശയിക്കുംവിധം മൂന്നാമതൊരു നടിയെ റാഞ്ചാന്‍ ശ്രമിച്ചതുമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 2017ല്‍ കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന് പുറമെ 2011ലും 2010ലും മറ്റ് രണ്ട് നടിമരെ തട്ടിക്കൊണ്ട് പോകാനും സുനില്‍ കുമാറിന്റെ സംഘം ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

2011ലെ തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് നടിയുടെ മൊഴിയെടുക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെ അന്ന് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ കണ്ണൂര്‍ പാടിച്ചാല്‍ സ്വദേശി സുനീഷിനെ ഇന്ന് രാവിലെ പിടികൂടിയപ്പോഴാണ് മറ്റൊരു തട്ടിക്കൊണ്ട് പോകല്‍ സംബന്ധിച്ച വിവരം കൂടി ലഭിച്ചത്. പയ്യന്നൂര്‍ പൊലീസാണ് സുനീഷിനെ പിടികൂടിയത്
2010ലാണ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.

കാസര്‍കോഡ് ചെറുവത്തൂരില്‍ വെച്ചായിരുന്നു അന്നത്തെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയെന്നാണ് കരുതുന്നത്. സുനില്‍കുമാറും സംഘവും ഇതിനായി ചെറുവത്തൂരില്‍ എത്തിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പരിചയം വെച്ചാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ നടന്‍ ദിലീപ് തയ്യാറായതെന്നാണ് പൊലീസ് ആരോപിക്കുന്നത്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുനില്‍ കുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസിന് പദ്ധതിയുണ്ട്. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
കൊച്ചി സെന്‍ട്രല്‍ പൊലീസാണ് 2011ലെ സംഭവത്തെ സംബന്ധിച്ച കേസെടുത്തിരിക്കുന്നത്. ഇന്നലെത്തന്നെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തേക്ക് ഷൂട്ടിങിന് വന്നപ്പോള്‍ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ സുനില്‍ കുമാറാണെന്നും ഇയാളുടെ സംഘത്തിലുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള രണ്ട് പേരെയാണ് സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here