കൊച്ചി: ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതി എന്ന അടുത്ത നിയമവശത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെ സൂപ്പര്‍താരം ദിലീപിന്റെ ജയില്‍വാസം തുടരുന്നു. പ്രോസിക്യൂഷന്റെ കൈവശം ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അടുത്തെങ്ങും മോചനം ലഭിക്കില്ലെന്നാണ് സൂചന. ജാമ്യം ലഭിക്കാന്‍ പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ച് നടന് നിയമോപദേശം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം ജയിലില്‍ എത്തിയ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നാണു ദിലീപിന്റെ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മതി അടുത്ത നടപടി എന്നാണു ദിലീപിനു കിട്ടിയ നിയമോപദേശമെന്ന് അറിയുന്നു. ഈ സാഹചര്യത്തില്‍ അപ്പുണ്ണിയെ രംഗത്തിറക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നു. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണു പൊലീസിനു വിവരം ലഭിച്ചത്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്.
അതിനിടെ, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു ഒന്നും തുറന്നുപറയാത്തതിനാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നു അന്വേഷണസംഘം സൂചന നല്‍കി. ഇതോടൊപ്പം ഗായിക റിമി ടോമിയെയും പോലീസ് ചോദ്യംചെയ്തു. 2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം വരികയോ മറ്റോ ചെയ്തിട്ടില്ല. ചോദ്യം ചെയ്യല്‍ വാര്‍ത്ത പുറത്തുവന്നയുടനെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസിനെ വിളിച്ചിരുന്നു. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരാഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യ മാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here