കൊച്ച:പ്രവാസി മലയാളികളുടെ അന്ധിവിശ്വാസം മുതലെടുത്ത് വനവിഭവങ്ങള്‍ നിയമവിരുദ്ധമായി വിദേശത്തേക്കു കടത്തുന്നതിന്റെ കേന്ദ്രമായി കൊച്ചി വീണ്ടും മാറുന്നു. കഴിഞ്ഞദിവസം അങ്കമാലിയില്‍ പിടികൂടിയ കസ്തൂരിയും ജാക്കല്‍ ഹോണും കിങ് ഷെല്ലും വില്‍ക്കാന്‍ ഇടനിലക്കാരനെ ഏല്‍പിച്ചത് കൊച്ചി കേന്ദ്രമായ വിദേശമലയാളിയെന്നാണ് പിടിയിലായ ആളുടെ വെളിപ്പെടുത്തല്‍. ഈ കേസിന്റെഅന്വേഷണം വിദേശത്തേക്ക് നീളുകയാണ്. അന്ധവിശ്വാസവും വനവിഭവങ്ങളും സമം ചേര്‍ത്ത് വില്‍ക്കുമ്പോള്‍ കൈ മറിയുന്നതു കോടികളാണ്.ഇല്ലാതാകുന്നത് അപൂര്‍വയിനം ജീവി വര്‍ഗങ്ങളും. കസ്തൂരി, പ്രത്യേകയിനം കുറുനരിയുടെ തലയ്ക്കു പുറമേ കാണപ്പെടുന്ന എല്ല് (ജാക്കല്‍ ഹോണ്‍), കക്ക ഇനത്തില്‍പെടുന്ന ജീവിയുടെ കിങ് ഹെല്‍മറ്റ് ഷെല്‍ എന്നിവയാണു വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. കസ്തൂരി, ജാക്കല്‍ ഹോണ്‍, കിങ് ഹെല്‍മറ്റ് ഷെല്‍ എന്നിവ കുറഞ്ഞത് 20 കോടിക്കെങ്കിലും വില്‍ക്കാനാകുമെന്നാണ് അറസ്റ്റിലായ ആള്‍ കണക്കുകൂട്ടിയത്.. എന്നാല്‍ 10 കോടിക്കു മേല്‍ വില ആരും പറഞ്ഞില്ല.
ചിലര്‍ ഇതിലും വലിയ തുക പറഞ്ഞെങ്കിലും പണമായി കയ്യില്‍ ഇല്ലാത്തതു പ്രശ്‌നമായി. ഈ സാഹചര്യത്തിലാണു വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കു വിവരം ചോര്‍ന്നു കിട്ടിയത്. കസ്തൂരി മാനിന്റെ നാഭിയില്‍ വളരുന്ന മെഴുകുപോലുള്ള അമൂല്യ സുഗന്ധദ്രവ്യമാണ് കസ്തൂരി. വിദേശരാജ്യങ്ങളില്‍ വന്‍ വിലയും ആവശ്യക്കാരും. കസ്തൂരിമാനിന്റെ നാഭിയില്‍ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന കസ്തൂരി, മാനിന് ഒരു പ്രായമെത്തുമ്പോള്‍ സ്വാഭാവികമായി അടര്‍ന്നു പോകും. എന്നാല്‍, വനവിഭവമായ കസ്തൂരി ശേഖരിക്കാനോ വില്‍ക്കാനോ കൈവശം വയ്ക്കാനോ ആര്‍ക്കും അവകാശമില്ല. കസ്തൂരിയുടെ വന്‍ വിപണിമൂല്യം തിരിച്ചറിഞ്ഞവര്‍ നായാട്ടു സംഘങ്ങളുടെ സഹായത്തോടെ കസ്തൂരി മാനിനെ കൊലപ്പെടുത്തിയശേഷം എല്ലു സഹിതം കസ്തൂരി കൈക്കലാക്കും.
യഥാര്‍ഥ കസ്തൂരി എന്നു വാങ്ങുന്നവരെ ബോധ്യപ്പെടുത്താനാണ് എല്ലു സഹിതം എടുക്കുന്നത്. കേരളത്തില്‍ കസ്തൂരി മാനില്ല. കലമാന്‍, പുള്ളിമാന്‍, കേഴ മാന്‍ എന്നിവയാണു കേരളത്തില്‍ പ്രധാനമായി കാണുന്ന മാന്‍ വര്‍ഗം. വന്യജീവിയുടെ ശാരീരിക വൈകല്യം പോലും വിറ്റു കാശാക്കുന്നതിന്റെ ഉദാഹരണമാണു ജാക്കല്‍ ഹോണ്‍. പ്രത്യേകയിനം കുറുനരിയുടെ തലയോട്ടിയുടെ പിന്‍ഭാഗത്ത് അരയിഞ്ചു നീളത്തില്‍, കറുത്ത നിറത്തില്‍, തൊലിക്കു പുറമേക്കുള്ള തള്ളി നില്‍ക്കുന്ന അപൂര്‍വമായ എല്ലുവളര്‍ച്ചയാണു ജാക്കല്‍ ഹോണ്‍.ഇവ രോമാവൃതമായിരിക്കും. ഇതില്‍ എന്തുകൊണ്ടു രോമം വളരുന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ല. ശ്രീലങ്കയിലാണു ജാക്കല്‍ ഹോണിന്റെ അന്ധവിശ്വാസം വേരുപിടിപ്പിച്ചിരിക്കുന്നത്.കോടതി വ്യവഹാരങ്ങളില്‍ വിജയം, സമ്പത്ത് ഇരട്ടിക്കല്‍ എന്നിവയാണു ജാക്കല്‍ ഹോണ്‍ കൈവശം വച്ചാലുള്ള നേട്ടമായി അവര്‍ കാണുന്നത്. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഉടമയ്ക്കു തന്നെ തിരിച്ചുകിട്ടുമെന്ന അന്ധവിശ്വാസവുമുണ്ട്.
ആനയുടെ കൊമ്പിനും അപ്പുറത്തേക്ക് അന്ധവിശ്വാസങ്ങളുടെ കുഴിയെടുത്തു തുടങ്ങിയിരിക്കുന്നു ചിലര്‍. ആനയുടെ മസ്തകം തുരന്നു പുറത്തെടുത്തിരിക്കുന്ന പുതിയ അന്ധവിശ്വാസക്കൂട്ടാണു ഗജമുത്ത്. പതിനായിരത്തില്‍ ഒരാനയുടെ മസ്തകത്തിനുള്ളിലാണു ഗജമുത്ത് ഉണ്ടാവുകയെന്നും ഇതിനു മാന്ത്രികശക്തിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ്. ഗജമുത്ത് സ്ഥാപിക്കുന്നിടത്ത് എല്ലാ ഐശ്വര്യങ്ങളും വരുമെന്നു വിശ്വസിപ്പിക്കുന്നു. പതിനായിരത്തില്‍ ഒരാനയുടെ മസ്തകത്തില്‍ മാത്രമാണു കാണപ്പെടുന്നതെന്നാണ് ഇവരുടെ പരസ്യവാചകമെങ്കിലും ഇതിനു വേണ്ടി ഏത് ആനയെയും കൊല്ലും. അറബികളാണ് ഈ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങുന്നവരില്‍ അധികവും.അന്‍പതു ലക്ഷത്തിനു മുകളിലേക്കാണു വില. എന്നാല്‍, ഇങ്ങനെയൊരു ഗജമുത്ത് ലോകത്ത് ഒരാനയുടെയും മസ്തകത്തില്‍ ഇല്ലെന്നു വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിനകത്ത് ഒരു ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയിലെ കാല്‍സ്യം ഉള്‍പ്പെടെയുള്ളവ കൂടിച്ചേരുന്നതിനെയാകാം ഗജമുത്ത് എന്ന പേരില്‍ അവതരിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കൊമ്പിന്റെയോ, എല്ലിന്റെയോ കഷ്ണങ്ങള്‍ പോളിഷ് ചെയ്‌തെടുത്ത് ഗജമുത്ത് എന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരുണ്ട്. എന്നാല്‍ ഇതൊന്നും അന്ധവിശ്വാസികളെ പുറകോട്ട് നയിക്കുന്നില്ല എന്നതാണ് സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here