കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ആ സസ്പന്‍സും അവസാനിച്ചു. നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യയെന്ന് പള്‍സര്‍ സുനി. കാവ്യയെന്ന് നേരത്ത പറഞ്ഞിരുന്നല്ലോയെന്നും പ്രതി പള്‍സര്‍ സുനി. വെളിപ്പെടുത്തല്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുമ്പോളാണ് . സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ്’മാഡം ആരെന്ന് സുനി വ്യക്തമാക്കിയത്.
അതേസമയം കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. മുന്‍പു ജാമ്യാപേക്ഷ തള്ളിയ അന്വേഷണ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അറസ്റ്റിലായി 50 ദിവസമായി കസ്റ്റഡിയില്‍ കഴിയുന്ന ദിലീപ് ജയിലില്‍ തുടരും. മുദ്രവച്ച കവറില്‍ പൊലീസ് കൈമാറിയ തെളിവുകളും കേസ് ഡയറിയും കോടതി പരിശോധിച്ചു. വസ്തുതകളെല്ലാം വിലയിരുത്തിയതില്‍നിന്ന് ജാമ്യം നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. നിര്‍ണായക തെളിവുകളായ, ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുമെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇവ നശിപ്പിച്ചതായി രണ്ടു പ്രതികള്‍ പറയുന്നതു വിശ്വസിക്കുന്നില്ലെന്നും അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന വസ്തുത ഹര്‍ജി തള്ളാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടി.

മുന്‍പു ജാമ്യം തള്ളിയ സാഹചര്യങ്ങള്‍ മാറിയതിനാല്‍ ഇനിയും തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നതില്‍ കാര്യമില്ലെന്ന ദിലീപിന്റെ പ്രധാന അപേക്ഷ ഖണ്ഡിക്കുന്നതായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഒളിവിലായിരുന്ന അപ്പുണ്ണി പൊലീസിനു മുന്‍പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായെന്നും ഒന്നാംപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഏറ്റുവാങ്ങിയവര്‍ അവ നശിപ്പിച്ചെന്നു പറയുന്നതിനാല്‍ ഇനി അന്വേഷിച്ചിട്ടു കാര്യമില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.

എന്നാല്‍, അപ്പുണ്ണിയെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഫോണും മെമ്മറി കാര്‍ഡും പ്രതിയായ അഭിഭാഷകനു കൊടുത്തതിനു തെളിവുണ്ടെന്നും അവ നശിപ്പിക്കപ്പെട്ടെന്നു പറയുന്നതു പൊലീസ് വിശ്വസിക്കുന്നില്ലെന്നും ബോധിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here