edamalakkudi aadivasikolaniyil onahoshathinethiya manthri mm manikku moopan thankaswami onasadya vilampunnu......mp shibin

ഇടുക്കി: സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അവിസ്മരണീയ ഓണാഘോഷമാണ് മന്ത്രി എംഎം മണി സമ്മാനിച്ചത്. മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഇവിടെയെത്താന്‍ സാഹസിക യാത്രയായിരുന്നു മന്ത്രിയും കൂടെയുള്ളവരും നടത്തിയത്. വാഹന സൗകര്യം ഇഡലിപ്പാറവരെ മാത്രമാണെന്നതിനാല്‍ ശേഷിക്കുന്ന ദൂരം കൊടും വനത്തിലൂടെ കാല്‍ നടയായിട്ടായിരുന്നു.

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവെയ്ക്കാതെ മുണ്ടും മടക്കിക്കുത്തി, തോരാമഴയത്ത് മുന്നില്‍ നടന്നു ഇഷ്ടക്കാരുടെയും ഇടുക്കിക്കാരുടെയും മണിയാശാന്‍. ഒടുവില്‍ ഇടമലക്കുടിയുടെ കേന്ദ്ര ഭാഗമായ സൊസൈറ്റിക്കുടി എത്തിയപ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. പിന്നീട് ആഘോഷങ്ങള്‍ക്ക് തുടക്കമായി. പാട്ട് പാടി മന്ത്രിയെ വരവേറ്റ ശേഷം സദ്യയ്ക്കുള്ള ഒരുക്കങ്ങളായി. സാമ്പാറും പപ്പടവും ഒരു പിടി കൂട്ടാനുമടങ്ങുന്ന വിഭവസമൃദ്ധമായ സദ്യ. കൂടാതെ മൂന്നിനം പായസവും പഴവും. ആദിവാസികള്‍ക്കൊപ്പമിരുന്നായിരുന്നു മന്ത്രിയും എംഎല്‍എ എസ് രാജേന്ദ്രനുമടക്കമള്ളവര്‍ ഭക്ഷണം കഴിച്ചത്.

സദ്യയ്ക്ക് ശേഷം മന്ത്രിയോടുള്ള നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍. അതിന് തക്കതായ കാരണമുണ്ട്. ഈ കൊടും കാട്ടില്‍ വൈദ്യുതി വെളിച്ചം എത്തിച്ചത് മറ്റാരുമല്ല. ശേഷിക്കുന്ന കുടികളിലേക്കും വൈദ്യുതി എത്തിക്കുമെന്നും മറ്റ് ആവശ്യങ്ങളും പൂര്‍ത്തിയാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. കുടികളിലെ മൂപ്പന്‍മാര്‍ക്ക് ഓണ സമ്മാനങ്ങളും നല്‍കിയാണ് മന്ത്രി തിരിച്ചത്. ഊരില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഓണാഘോഷമാണ് ഇത് എന്നായിരുന്നു ആദിവാസികളുടെ പ്രതികരണം.

മടക്കയാത്ര ഏറെ ദു:സഹമായിരുന്നു. സമയം ഇരുട്ടിത്തുടങ്ങി. കടുവയും പുലിയും ആനയും കാട്ടുപോത്തും വിഹരിക്കുന്ന കൊടുംവനത്തിലൂടെയുള്ള കാല്‍ നടയാത്രക്കൊടുവില്‍ വാഹനങ്ങളില്‍ കയറി. എന്നാല്‍ മഴയില്‍ കുതിര്‍ന്ന താല്‍ക്കിക റോഡില്‍ വാഹനങ്ങള്‍ പൂണ്ടുപോകാന്‍ തുടങ്ങിയത് വീണ്ടും ദുരിതമായി. എല്ല് പിളര്‍ത്തുന്ന തണുപ്പും വഹിച്ചെത്തുന്ന കാറ്റ് കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും ഘോര വനത്തില്‍ നിന്നും പുറത്തെത്തിയാല്‍ മതി എന്നായി എല്ലാവര്‍ക്കും. വാഹനങ്ങള്‍ തള്ളിക്കയറ്റി ഒടുവില്‍ മന്ത്രിയും കൂടെയുള്ളവരും മൂന്നാറിലെത്തിയപ്പോള്‍ രാത്രി 12 മണി കഴിഞ്ഞിരുന്നു. ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇടമലക്കുടിക്കാര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഒരു ഓണാഘോഷം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു വൈദ്യുതി മന്ത്രി.

 

LEAVE A REPLY

Please enter your comment!
Please enter your name here