കൊച്ചി: താരത്തിളക്കത്തിന്റെ സ്വപ്‌നലോകത്ത് നിന്നായിരുന്നു ഇരുമ്പഴിക്കുള്ളിലെ ഇരുണ്ട ജീവിതത്തിലേക്ക് ചലചിത്രതാരം ദിലീപ് കൂപ്പുകുത്തിയത്. സ്വയം പ്രഖ്യാപിത ജനപ്രീയ നായകന്റെ പതനത്തിലേക്ക് വഴിവെച്ചത് കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവമായിരുന്നു. നടിയെ ആക്രമിക്കുന്നതില്‍ കുറ്റകരമായ ഗൂഢാലോചനയാണ് താരത്തിനെ അഴിക്കുള്ളിലെത്തിച്ചത്.

മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള താരത്തിനെ സംബന്ധിച്ചടുത്തോളം പണത്തേക്കാള്‍ ഏറെ മൂല്യമുള്ള രണ്ട് മണിക്കൂറുകളായിരുന്നു ഇന്ന് ലഭിച്ചത്. അഴിക്കുള്ളിലായി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യക്തിപരമായ ആവശ്യത്തിന് ദിലീപ് പുറം ലോകം കണ്ടത്. ഭാര്യ കാവ്യമാധവനെയും മകള്‍ മീനാക്ഷിയേയും അമ്മയേയും അനുജനേയും ശാന്തമായി കാണാന്‍ സാധിച്ചു എന്നതു തന്നെയാണ് രണ്ട് മണിക്കൂറിന്റെ മൂല്യം ജീവിതത്തില്‍ ഏറ്റവും പ്രധാനമാക്കുന്നത്.

കേസില്‍ അറസ്റ്റിലായ ദിലീപ് ഇനി എന്ന് വെളിച്ചം കാണുമെന്ന കാര്യത്തിലും ഉറപ്പില്ല. ഹൈക്കോടതിയിലടക്കം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് പത്ത് മിനിട്ടിനകം ആലുവയിലെ പത്മസരോവരത്തിലെത്തി. അരമണിക്കൂര്‍ സമയം കൊണ്ട് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ദിലീപ് പിന്നീടുള്ള ഒരു മണിക്കൂര്‍ സമയം കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെലവഴിക്കുകയായിരുന്നു.

ഒടുവില്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങാന്‍ നേരം ശോകമൂകമായിരുന്നു പത്മസരോവരത്തിലെ കാഴ്ച. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പൊലീസ് സംഘം ദിലീപിനെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലെത്തിച്ചത്. ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുത്ത ദിലീപ് അച്ഛന് ബലിയിട്ടു. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂര്‍ േനരത്തേക്കാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇളവ് അനുവദിച്ചത്.

രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു. ദിലീപ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ കൊട്ടാരക്കടവില്‍ പെരിയാറിന്റെ തീരത്തുള്ള ദിലീപിന്റെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. ചടങ്ങുകള്‍ക്കുശേഷം വീട്ടുകാര്‍ക്കൊപ്പം ദിലീപ് ഭക്ഷണം കഴിച്ചു. കൂടാതെ വീട്ടില്‍ മധുരവിതരണവും നടത്തി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്‌ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here