ന്യൂഡല്‍ഹി: ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നവംബര്‍ നാലിനു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുമെന്നു ഭോപ്പാല്‍ രൂപതാ അധികൃതര്‍ അറിയിച്ചു. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍.
റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാനുള്ള കര്‍ദിനാള്‍ തിരുസംഘത്തിന്റെ ശുപാര്‍ശ നേരത്തേ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനീസഭാംഗമാണ്.
ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു. സിസ്റ്റര്‍ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിങ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here