കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിര്‍ഷായെ സ്വകാര്യആശുപത്രിയില്‍നിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നു സൂചന. എന്നാല്‍ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തതായി സ്ഥിരീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘം തയാറായില്ല.
കേസില്‍ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിര്‍ഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാദിര്‍ഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടര്‍ന്ന് നാദിര്‍ഷാ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്താല്‍ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂ. നാദിര്‍ഷാ ഒരു വാഹനത്തില്‍ പുറത്തേക്കുപോയതായാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന. നാദിര്‍ഷായുടെ കാര്‍ ആശുപത്രിവളപ്പില്‍ത്തന്നെയുണ്ട്.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. ഉപാധികള്‍ പൂര്‍ണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്തതും ദിലീപ് ചൂണ്ടിക്കാട്ടും. കേസില്‍ ഹൈക്കോടതി രണ്ടുതവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിടുകയാണ്. ദിലീപിനെ ഫോണ്‍ വിളിക്കാന്‍ പള്‍സര്‍ സുനിയെ സഹായിച്ച എആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് ദിലീപിനെ ഫോണ്‍ വിളിക്കാന്‍ അനീഷ് സഹായിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. ഈ അവസരം പള്‍സര്‍ സുനി ഉപയോഗിക്കുകയായിരുന്നു. സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതും അനീഷാണ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്രശാലയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണ്. ഇതേത്തുടര്‍ന്നാണ് ദിലീപിനെ വിളിക്കാന്‍ അനീഷ് സഹായം നല്‍കിയത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത അനീഷിനെ കേസിലെ പതിനാലാം പ്രതിയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here