ഹാമില്‍ട്ടണ്‍:ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടണു സമീപം വെയ്ക്കാറ്റോയില്‍ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ (വൈല്‍ഡ് ബോര്‍) മാംസം ഭക്ഷിച്ച മലയാളി കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് ഇറച്ചി കഴിച്ചയുടന്‍ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായത്. മാംസം കഴിക്കാതിരുന്ന കുട്ടികള്‍ ഭക്ഷ്യവിഷബാധയില്‍നിന്നും രക്ഷപ്പെട്ടു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതോടെ ഒന്നും ഏഴും വയസുള്ള കുട്ടികള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

വെള്ളിയാഴ്ചയാണ് ഷിബുവിനെയും ഭാര്യ സുബിയെയും മാതാവ് ഏലിക്കുട്ടിയെയും വെയ്ക്കാറ്റോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയിലെ വിഷാംശമാകാം രോഗാവസ്ഥയ്ക്കു കാരണമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച രാസപരിശോധനാ ഫലങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചുദിവസമായിട്ടും ഇവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

സമാനമായ സംഭവം 1980ല്‍ ഉണ്ടായിട്ടുള്ളതായി ന്യൂസിലാന്‍ഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദുരന്തത്തിനിരയായായവരുടെ സുഹൃത്തുക്കളും ഹാമില്‍ട്ടണിലെ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷനും ഇവര്‍ക്കുവേണ്ട സഹായങ്ങളുമായി രംഗത്തുണ്ട്. ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി സന്ദര്‍ശക വീസയിലാണ് ന്യൂസീലന്‍ഡില്‍ എത്തിയത്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ചികില്‍സയ്ക്ക് ഭീമമായ തുകയാണ് ചിലവാകുന്നത്. ചികില്‍സയില്‍ പുരോഗതിയുണ്ടായാലും സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ ഏറെനാളത്തെ ആശുപത്രി പരിചരണം ആവശ്യമായതിനാല്‍ ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത അതിഭീമമാകും.

ഭക്ഷ്യവിഷബാധയുടെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വെയ്ക്കാറ്റോ ഹെല്‍ത്ത് ബോര്‍ഡ് മെഡിക്കല്‍ ഓഫിസര്‍ റിച്ചാര്‍ഡ് വിപോണ്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കുടുംബത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ഷിബുവും കുടുംബവും ന്യൂസീലന്‍ഡില്‍ എത്തിയത്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടിപിടിച്ച് ഭക്ഷിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും പതിവ് സാഹസമാണ്. ഇതു തുടരുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകടം. ബിബിസി ഉള്‍പ്പെടെയുള്ള ലോക മാധ്യമങ്ങളില്‍ മലയാളി കൂടുംബത്തിനുണ്ടായ ഈ അപകടം വാര്‍ത്തയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here