തിരുവനന്തപുരം: ചുഴലിക്കാറ്റ് ലക്ഷദ്വീപിനടുത്തേക്ക്. തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റിന്റെ കേന്ദ്രഭാഗം. കേരള, തമിഴ്‌നാട് തീരങ്ങളിലും മണിക്കൂറില്‍ എണ്‍പതുമുതല്‍ നൂറുകിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുത്. തിരുവനന്തപുരം, കൊല്ലം തീരങ്ങളിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭവും കരയിടിച്ചിലും രൂക്ഷമാണ്. ഇന്നലെ കടലില്‍ കാണാതായ അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നാവികസേനയും വ്യോമസേനയും രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്. അടുത്ത ഇരുപത്തിനാലുമണിക്കൂര്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴ തുടരുന്നതിനാലാണ് ഇത്. കനത്തമഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആറ് അടി ഉയര്‍ന്ന് 127.9 അടിയായി. ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലും നാലുപേര്‍ വീതം മഴക്കെടുതിയില്‍ മരിച്ചിരുന്നു. ശ്രീലങ്കയിലും ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here