സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന തെരെഞ്ഞെടുപ്പ് സർവ്വേകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിക്കുന്നു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. അഭിപ്രായ സർവ്വേകൾ തടയാൻ നപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു, എന്നാൽ എക്‌സിറ്റ്‌പോളിനു മാത്രമേ നിയന്ത്രണമുള്ളൂ എന്നാണ് കമ്മീഷണറുടെ മറുപടി.
അഭിപ്രായ സർവ്വേ എന്ന പേരിൽ നാല് മാധ്യമസ്ഥാപനങ്ങൾ  നടത്തിയത് യഥാർത്ഥത്തിൽ എക്‌സിറ്റ് പോളാണ്. ഒരേ ഏജൻസിയാണ് നാല് സ്ഥാപനങ്ങൾക്കും വേണ്ടി സർവ്വേനടത്തിയത്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന നിലയിലാണ് മാധ്യമങ്ങൾ സർക്കാരിനെ വെള്ളപൂശുന്നതും, തുടർഭരണമെന്ന അഭിപ്രായ സർവ്വേകളും പടച്ചുവിടുന്നത്. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നുണ്ട്. വോട്ടർമാരുടെ അഭിപ്രായം അതെല്ലെന്ന് തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങൾ തിരിച്ചറിയും.

കേരള ചരിത്രത്തിൽ ഇതാദ്യമായാണ്
നാല് ലക്ഷത്തിൽ അധികം വ്യാജ വോട്ടർമാർ പട്ടികയിൽ കടന്നു കൂടിയത്. സി പി എമ്മിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. ഉദുമയിൽ അനധികൃതമായി വോട്ടുചേർത്ത ഉദ്യോഗസ്ഥർക്കെതിരെ കമ്മീഷൻ ശിക്ഷാ നടപടി സ്വീകരിച്ചു. കള്ളവോട്ടിന് ഒത്താശ ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രണ്ട് മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം അരലക്ഷമൊക്കെയാണ്. സി പി എമ്മിന്റെ അതിക്രമം മൂലം ബൂത്തിലിരിക്കാൻ പറ്റാത്ത നിരവധി സ്ഥലങ്ങൾ കണ്ണൂരിലും കാസർകോടുമുണ്ട്. അവിടങ്ങളിൽ കള്ളവോട്ടിലൂടെ വിജയം നേടാമെന്നാണ് സി പി എം കണക്കുകൂട്ടുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here