ആലപ്പുഴ: സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി പി ഐയിൽ. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോനാണ് സിപിഐയിൽ ചേർന്നത്. 51-ാമത് മങ്കുഴി അനുസ്മരണ സമ്മേളനത്തിൽ എത്തിയാണ് സിപിഐയിൽ അംഗത്വം എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടത് സംബന്ധിച്ചുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സലിമോനെതിരെ സി പി എം നടപടി സ്വീകരിച്ചത്.

സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ ഐ കുഞ്ഞച്ചൻ എ പി സലിമോനെ രക്തഹാരം അണിയിച്ച് സ്വീകരിച്ചു. സി പി ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി അഡ്വ. ബിനു ബോസ്, ലോക്കൽ സെക്രട്ടറി പി വി പ്രസേനൻ, മണ്ഡലം കമ്മറ്റി അംഗം ഡി ജി പ്രകാശൻ, യു എൻ ശ്രീനിവാസൻ, പി കെ സുരേഷ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. കുമരകത്തിന്റെ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്കുള്ള തുടക്കമാണിതെന്ന് സിപിഐ അഭിപ്രായപ്പെട്ടു.

അച്ചടക്ക നടപടിയുടെ ഭാഗമായി സി പി എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും എ പി സലിമോൻ ഉൾപ്പെടെ നാലുപേരെ പുറത്താക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചുവെന്ന പേരിലാണ് ഇവരെ പുറത്താത്തിയത്. വെളിയം ബ്രാഞ്ച് സെക്രട്ടറി എ എൻ പൊന്നമ്മ, ലോക്കൽ കമ്മറ്റി അംഗം വസുമതി ഉത്തമൻ, മുൻ ബ്രാഞ്ച് സെക്രട്ടറി എം എം സജീവ് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ. കൂടാതെ വെളിയം ബ്രാഞ്ച് അംഗങ്ങളായ ജോബിൻ കുരുവിള, അനില ദിലീപ്, നഴ്സറി ബ്രാഞ്ച് കമ്മറ്റി അംഗം എം കെ രാജേഷ് എന്നിവരെ മൂന്ന് മാസത്തേയ്ക്കും ബ്രാഞ്ച് സെക്രട്ടറി പി ജി സലിയെ ഒരുമാസത്തേയ്ക്കും പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here