അങ്ങനെ ആ കറുത്ത നാളുകൾ അവസാനിക്കുകയാണ്. പുതുവത്സരം പിറക്കുന്നത് ഒരു പുതുജീവിതത്തിന്റെ പ്രഭാതത്തിലേക്കും. പത്തു മാസത്തിലധികം ലോകത്തെ നിശ്ചലമാക്കിയ ആ പരമാണുവിനെ മനുഷ്യൻ അവന്റെ ശാസ്ത്ര-സാങ്കേതിക ശക്തികൊണ്ട് തളച്ചിരിക്കുന്നു.

അമേരിക്കൻ മരുന്നുനിർമ്മാതാക്കളായ ഫൈസറും ജൈവ സാങ്കേതിക വിദ്യയിലെ പ്രമുഖരായ ജർമനിയിലെ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തൊണ്ണൂറു ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവരുടെ നവംബർ രണ്ടാം വാരത്തിലെ അറിയിപ്പാണ് മഹാമാരി തീർത്ത അനിശ്ചിതത്വം അവസാനിപ്പിക്കുന്നത്. നഷ്ടപ്പെട്ടുപോയ അതിന്റെ താളം ലോകം വളരെ സാവധാനമെങ്കിലും തിരിച്ചു പിടിക്കുന്നു. ഇത് കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി നിന്നുപോവുകയോ, വേഗം തീരെ കുറഞ്ഞുപോവുകയോ ചെയ്‌ത സാമ്പത്തികമേഖലയുടെ ചക്രങ്ങളുടെ ഗതിവേഗം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയുടെ സ്പന്ദമാപിനികളായ ഓഹരി സൂചികകൾ അന്നു മുതൽ മുകളിലോട്ടാണ് യാത്ര.

ഫൈസർ- ബയോൺടെക് പ്രതിരോധ മരുന്ന് ബ്രിട്ടൻ കൊടുത്തുതുടങ്ങി. അമേരിക്ക പതിനാറുവയസുമുതൽ മുകളിലോട്ടുള്ളവർക്കു അടിയന്തരഘട്ടത്തിൽ കൊടുക്കാൻ അനുവാദം കൊടുത്തുകഴിഞ്ഞു. നൂറു ദശലക്ഷം ഡോസാണ് അമേരിക്ക ആദ്യം വാങ്ങുക. ഇതിന് 1.5 ബില്യൻ ഡോളർ അമേരിക്ക ഫൈസറിനു നൽകണം. ആവശ്യമെങ്കിൽ 500 ദശലക്ഷം ഡോസുകൾകൂടെ വാങ്ങും. കാനഡയിൽ മരുന്ന് എത്തിക്കഴിഞ്ഞു, യൂറോപ്യൻ യൂണിയൻ ഫൈസറുമായി അന്തിമ ചർച്ചയിലാണ്.

മറ്റൊരു അമേരിക്കൻ മരുന്ന് നിർമ്മാതാവായ മൊഡേണയുടെ മരുന്ന് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഏതു നിമിഷവും അനുവാദം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ, അമേരിക്ക അവരിൽ നിന്നും 100 ദശലക്ഷം ഡോസ് വാങ്ങും. വില അല്പം കൂടുതലാണ്. 1.68 ബില്യൻ ഡോളർ. രണ്ടു കമ്പനികളും, രണ്ട്‍ ഡോസാണ് ഒരാൾക്ക് നിർദേശിച്ചിരിക്കുന്നത്. അങ്ങനെ കോവിഡ് സൂക്ഷ്മാണുവിന്റെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട അമേരിക്ക, രാജ്യത്തെ പത്തു കോടി ജനത്തിന് കോവിഡ് പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള അടിയന്തരശ്രമത്തിലാണ്. ബാക്കിയുള്ള 23 കോടിക്കും അധികം കാലവിളംബരം കൂടാതെ പ്രതിരോധ മരുന്ന് നൽകാനും അമേരിക്ക ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് – വി തുടങ്ങി അര ഡസനിലധികം കോവിഡ് പ്രതിരോധ മരുന്നുകൾ വിപണി പ്രവേശം കാത്തു നിൽക്കുന്നു. ഈ മാറിയ ചിത്രം മനുഷ്യന് വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് നൽകുന്നത്. ജീവിതം വളരെ താമസിയാതെ പഴയ നിലയിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് ലോകജനത.

കുതിപ്പിലേക്ക് വിപണികൾ, കളംവിട്ട് കരടികൾ

മനുഷ്യനും കോവിഡും തമ്മിലുള്ള കളിയിൽ, വിജയം മനുഷ്യന്റെ കൈപ്പിടിയിലായി എന്ന് സാമ്പത്തിക ലോകത്തിനു മനസിലായി. ഇതോടെ കഥ മാറി, കമ്പോളങ്ങളുടെ ഗതി മാറി. ഓഹരി വിപണികൾ ഉണർന്നു . സൂചികകൾ പുതിയ ഉയരത്തിലേക്കു കുതിച്ചു. എണ്ണ വിലയിൽ ചലനങ്ങൾ കണ്ടു തുടങ്ങി. സ്വർണത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിന് മങ്ങലേൽക്കുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ലോക സാമ്പത്തിക രംഗം സാധാരണ നിലയിലേക്ക് വരുന്നതിന്റെ സൂചനകൾ.

തീർച്ചയായും, ചലനങ്ങൾ ഏറ്റവും അധികം പ്രകടമായത് ഓഹരി കമ്പോളത്തിലാണ്. അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികളിൽ കാളക്കൂറ്റന്മാർ അഴിഞ്ഞാടി കരടികൾ കളം വിട്ടു. സൂചികകളുടെ ദിശ നിയന്ത്രിക്കുന്ന ഓഹരി വിപണിയിലെ വമ്പൻ കളിക്കാരായ മ്യൂച്വൽ ഫണ്ടുകളും പെൻഷൻ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും അതുപോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഓഹരികൾ വാങ്ങി കൂട്ടി. ഈ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും ചൂതുകളി പോലല്ല. പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരുടെയും വിപണി വിശകലന വിശാരദന്മാരുടെയും അതിസൂക്ഷ്മ പഠന-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ടുതന്നെ, കോവിഡ് സാമ്പത്തിക ലോകത്തിനു സമ്മാനിച്ച ശൈത്യ കാലം അവസാനിച്ചു എന്ന് ഉറപ്പിക്കാം.

ഫൈസറിൽ കുതിപ്പോടെ വിപണികൾ

നവംബർ 9 ന് അമേരിക്കൻ സ്റ്റോക് എക്സ്ചേഞ്ചുകളുടെ പൊതുസൂചികയായ ഡൗ എന്ന് വിളിക്കുന്ന ഡൗ ജോൺസ് ആറ് മാസത്തിനിടയിലെ ഏറ്റവും കൂടിയ തലത്തിലെത്തി. ജോ ബൈഡന്റെ ജയത്തോടെ ഒഴിഞ്ഞു പോകുന്ന വാണിജ്യ യുദ്ധങ്ങൾ, കൂടുതൽ സ്ഥിരതയുള്ള നയങ്ങൾ എന്നിവയിൽ സന്തോഷിച്ച അമേരിക്കൻ ഓഹരി വിപണി ഫൈസറിന്റെ മരുന്നിന്റെ വരവ് ശരിക്കും ആഘോഷിച്ചു എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

വോൾസ്ട്രീറ്റിലെ ഈ നേട്ടം എംഎസ്‌സിഐയുടെ ലോക ഓഹരിസൂചിക 1.3 ശതമാനമാണ് ഉയർത്തിയത്. ഓഹരി വിപണികളുടെയും അനുബന്ധ വിപണികളുടെയും സൂചികകൾ വിൽക്കുന്ന അമേരിക്കൻ ധനകാര്യ സ്ഥാപനമാണ് എംഎസ്‌‌സിഐ. ധനകാര്യ സ്ഥാപനങ്ങൾക്കും കോർപറേറ്റുകൾക്കും എന്തിനു സർക്കാരുകൾക്കു പോലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ ഈ സൂചികകൾ അനിവാര്യമാണ്. നാൽപ്പത്തിഒൻപതോളം ഓഹരി വിപണികൾ നിരീക്ഷിച്ചാണ് എംഎസ്‌‌സിഐ അതിന്റെ ലോക ഓഹരി സൂചിക തയാറാക്കുന്നത്.

അമേരിക്കൻ വിപണിക്ക് ശേഷം കച്ചവടം ആരംഭിച്ച ഏഷ്യ-പസിഫിക് വിപണികളിലും അന്ന് ഓഹരികൾ വമ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ടോക്കിയോയിൽ നിക്കി സൂചിക 2.12 ശതമാനം ഉയർന്ന് 24,839 പോയന്റിൽ എത്തി. ലോകത്തെ മൂന്നാമത്തെ വലിയ ഓഹരി വിപണിയായ ടോഷോ എന്ന് വിളിക്കുന്ന ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കഴിഞ്ഞ 29 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ് നിക്കി സൂചിക അന്ന് അടയാളപ്പെടുത്തിയത്.

ഷാങ്ഹായ് കോംപോസിറ്റ് സൂചിക 1.9 ശതമാനവും ഹോംങ്കോങ് ഷെയർ സൂചിക 1.2 ശതമാനവും , ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് സൂചികയായ എഎസ്‌എക്സ്- 200 , 1.75 ശതമാനവും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികളിലും കഥ മറ്റൊന്നായിരുന്നില്ല . അവിടെ ബൈഡൻ വിജയം ഒരു ഘടകം പോലും ആയിരുന്നില്ലെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. ഫൈസറിന്റെ വെളിപ്പെടുത്തലിന്റെ ഊർജത്തിലാണ് യൂറോപ്യൻ വിപണികളിൽ ഓഹരികൾ കുതിച്ചത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ എഫ്ടിഎസ്ഇ (ഫിനാഷ്യൽ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച്) 100 സൂചിക 276 പോയിന്റ് (4.67 ശതമാനം) വർധിച്ച് 6186 പോയിന്റലാണ് അന്ന് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ചു മുതൽ മറ്റൊരു ദിവസത്തിലും സൂചിക ഇത്ര ഉയരത്തിൽ പോയിട്ടില്ല. ഈ വർധന സൂചികയിൽപെടുന്ന 100 കമ്പനികളുടെ വിപണി മൂല്യത്തിൽ ആ ഒറ്റ ദിവസം കൊണ്ട് 700 ബില്യൻ പൗണ്ട് ആണ് കൂട്ടിച്ചേർത്തത്.

ലോക ഓഹരി വിപണികളിലെ ഈ സുനാമി തിരമാല ഇന്ത്യൻ തീരമണഞ്ഞത് അടുത്ത ദിവസമാണ് (നവംബർ 10 ). ഇതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും വൻകിട നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. ദിവസം അവസാനിച്ചപ്പോൾ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചികയായ സെൻസ്ക്സ് 43 , 277 . 65 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി – 50 സൂചിക 170 പോയിന്റ് ലാഭത്തിൽ 12 , 631 ലാണ് അവസാനിച്ചത്.

തുടരുന്ന കുതിപ്പ്, മാറുന്നു വാണിജ്യ കാലാവസ്ഥ

ഇത് ഒറ്റ ദിവസത്തെ അത്ഭുതമല്ല. എല്ലാ വിപണികളുടെയും സൂചികകൾ ഉയരങ്ങളിലേക്കാണ് പോകുന്നത്. സെൻസെക്സിന്റെയും നിഫ്റ്റിയുടെയും സഞ്ചാരം നോക്കിയാൽ ഇത് മനസ്സിലാകും. നവംബർ 10ന് 43,277 ൽ നിന്ന സെൻസെക്സ്‌ ഡിസംബർ 17 ആയപ്പോഴേക്കും 46,774 ൽ എത്തി. നിഫ്റ്റി 12,631 ൽ നിന്ന് 13,713 ലും.

കോവിഡിന്റെ വരവിൽ മന്ദഗതിയിലായ ധനകാര്യ വിനിമയം, വ്യോമയാനം, ചില്ലറവ്യാപാര ശൃംഖല, ഉത്പാദനം, വിനോദ-ആതിഥേയം തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് ഇപ്പോൾ വൻ നിക്ഷേപം നടക്കുന്നത്. കോവിഡാനന്തര കാലം, ജീവിതം സാധാരണ ഗതിയിലാകുന്നതോടെ, മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ മേഖലകളുടെ ചലനമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്ന് സാമ്പത്തിക ലോകത്തിന് അറിയാം. അതുകൊണ്ടു തന്നെ, ഈ ഓഹരികളുടെ വിപണിയിലെ കുതിപ്പ് സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നില്ല.

വിപണി ഉണർന്ന ആദ്യനാളുകളിൽ തന്നെ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് സൂചിക കുതിക്കാൻ തുടങ്ങി. അമേരിക്കയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ അമേരിക്കൻ എക്സ്പ്രസ്സിന്റെ ഓഹരി വില 21 ശതമാനവും ജെപി മോർഗന്റെ വില 13.7 ശതമാനവും ഉയർന്നു. ഉത്പാദന മേഖലയും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബോയിങ്ങിന്റെ ഓഹരി പുതിയ ആകാശത്തേക്ക് കുതിച്ചു. ആദ്യ ദിവസം തന്നെ 13.7 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. വ്യോമയാനം, വാസ്തു സാങ്കേതികവിദ്യ, സങ്കോചിത ദ്രവ്യങ്ങൾ, സാങ്കേതികവിദ്യകൾ എന്നീ നാലു മേഖലകളിലെ വമ്പന്മാരായ ഹണിവെല്ലിന്റെ ഓഹരികൾ 6.9 ശതമാനവും.

ആദ്യ ദിവസം തന്നെ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ സൂചിക 834 പോയിന്റ് (2.95 ശതമാനം) ഉയർന്ന് 29,157 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ അയർലൻഡ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളിലെ എയർലൈനുകളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പും സമ്മേളനങ്ങളുടെയും പ്രദർശനങ്ങളുടെയും സംഘാടകരായ ഇൻഫോർമയും ഭൂവികസന സംരംഭങ്ങളായ ബ്രിട്ടിഷ് ലാൻഡും ലാൻഡ് സെക്യൂരിറ്റീസ്, എഞ്ചിനീയറിങ് ഭീമനായ റോൾസ് – റോയ്‌സുമാണ് കൂടുതൽ തിളങ്ങുന്നത്.

ഇന്ത്യയിലും കുതിപ്പ്; വേറിട്ട ഒരു ‘സൂം’ കാഴ്ച

ഇന്ത്യൻ വിപണിയിൽ ബാങ്ക് – ധനകാര്യ സ്ഥാപനങ്ങൾ, എയർലൈനുകൾ, ആതിഥേയ സംരംഭങ്ങൾ എന്നിവയുടെ ഓഹരികളിലാണ് വലിയ നിക്ഷേപം നടന്നത്. ഇൻഡിഗോയുടെ ഉടമകളായ ഇന്റർ ഗ്ലോബൽ ഏവിയേഷൻ, ഒബ്‌റോയ് ഹോട്ടൽ ശൃംഖല നടത്തുന്ന ഇഐഎച്ച്, ലെമൺ ട്രീസ് ഹോട്ടൽസ് എന്നിവയുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടം കൊയ്തത്.

വിപണിയിൽ ഓഹരികൾ പുതിയ ഉയരങ്ങൾ കീഴടക്കുമ്പോൾ, കോവിഡിൽ ലോകം മൂർച്ഛിച്ചു നിന്നപ്പോഴും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ച ഒരു ഓഹരി ഊർജ നഷ്ടം നേരിട്ട് താഴോട്ട് ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് ഭീഷണിയിൽ മനുഷ്യരെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങിയപ്പോൾ, പ്രിയപ്പെട്ടവരെ കാണാനും, അവരുമായി വിശേഷങ്ങൾ കൈമാറാനും അവരെ സഹായിച്ച, വീട്ടിലിരുന്നു പണിയെടുക്കുന്ന ജീവനക്കാരുമായി മുഖാമുഖ ആശയവിനിമയത്തിന് ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കൾ ആശ്രയിക്കുന്ന സൂം എന്ന ഓൺലൈൻ ദൃശ്യ-ശ്രാവ്യ സംവിധാനം ഒരുക്കുന്ന അമേരിക്കൻ സംരംഭമായ സൂം വിഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ഓഹരിയാണത്.

മഹാമാരി വരുന്നതിന് മുൻപ് ഒരു കോടി ജനങ്ങളാണ് സൂമിനെ ആശ്രയിച്ചിരുന്നങ്കിൽ, ഇപ്പോൾ അത് 30 കോടിയാണ്. ജീവനക്കാർ തൊഴിലിടങ്ങളിൽ തിരിച്ചു വരാൻ തുടങ്ങിയതോടെ, ജനം പരസ്പരം സന്ദർശനങ്ങൾ ആരംഭിച്ചതോടെ, സൂമിലും തിരക്കു കുറഞ്ഞു. അതോടെ കമ്പനി ഓഹരി വിപണിയിൽ കിതക്കാൻ തുടങ്ങി. ഒക്‌ടോബർ 19 – നു 568.34 ഡോളറിനു വിറ്റ ഓഹരി നവംബർ 9നു 413.24 ലേക്കു തലകുത്തി. അടുത്ത ദിവസം 376.01 ലേക്കും.


കരുത്തുകാട്ടി എണ്ണവിപണി, പ്രതീക്ഷ പ്രവാസികൾക്കും

പ്രതിരോധ മരുന്നുകൾ നൽകുന്ന കവചത്തിന്റെ ബലത്തിൽ, ലോകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ അത് ദീർഘകാലമായി മാന്ദ്യത്തിന്റെ പിടിയിൽ അമർന്ന എണ്ണ വിപണിയെയും ചലിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നവംബർ ആറിനു എണ്ണ വില ബാരലിന് 38.08 ഡോളർ ആയിരുെന്നങ്കിൽ ഒൻപതിന് അത് 40.93 ൽ എത്തി. അടുത്ത ദിവസം 42.27 ഡോളറും. ഡിസംബർ 14 നു അത് വിപണിക്ക് ആത്മവിശ്വാസം പകരുന്ന 50 ഡോളർ എന്ന ലക്ഷ്യവും മറികടന്ന് 50.27 ൽ എത്തി. ഇപ്പോൾ 51- 52 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയുടെ വമ്പിച്ച എണ്ണ ശേഖരം വിലയിടിക്കുമോയെന്ന് ആശങ്കയുണ്ടങ്കിലും ഒപെകിന്റെ ഉത്പാദന തന്ത്രങ്ങളും ഏഷ്യൻ രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഇന്ത്യയുടെ ഒടുങ്ങാത്ത എണ്ണ ദാഹവും വില 50 നു മുകളിൽ താങ്ങിനിർത്തുമെന്നാണു വിപണി വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ വില 50 ഡോളറിനു താഴെ പോകാതിരുന്നാൽ, മാന്ദ്യത്തിലാണ്ട എണ്ണ ഉത്പാദക രാജ്യങ്ങൾ ഉണർന്നു തുടങ്ങും. അതു മടങ്ങിവന്ന ഒരുകൂട്ടം പ്രവാസികളുടെയെങ്കിലും മടക്കയാത്രക്ക് വഴിയൊരുക്കും.

എല്ലാ സാമ്പത്തിക സൂചികകളും ശക്തി പ്രാപിക്കുന്നതിനാൽ, പുതുവർഷത്തിലെ എണ്ണ വിപണിയിലെ ഇപ്പോഴത്തെ നില തുടരാനാണ് സാധ്യത എന്നാണ്, ആൻസിന്റെ (ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ് ബാങ്കിങ് ഗ്രൂപ്പ്) വിലയിരുത്തൽ.

ഇന്ത്യയുടെ എല്ലാവിധ പെട്രോൾ ഉത്പന്നങ്ങളുടെയും ഉപഭോഗം കോവിഡിനു മുമ്പുള്ള നിലയിൽ എത്തി എന്നാണ്, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പറയുന്നത്. രാജ്യത്തെ എണ്ണ ഉപഭോഗം വർധിച്ചതിനാൽ ഐഒസി അതിന്റെ എല്ലാ ശുദ്ധീകരണശാലകളും നവംബർ മുതൽ അവയുടെ പൂർണ്ണശേഷിയിലാണ് പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ ഇത് 88.1 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 98.6 ശതമാനവും.

ഇന്ത്യയിലുള്ള 23 ശുദ്ധീകരണശാലകളിൽ പതിനൊന്നും ഐഒസി യുടെ നിയന്ത്രണത്തിലാണ്. ഇവ ഒരു ദിവസം 16 ലക്ഷം വീപ്പ എണ്ണയാണ് ശുദ്ധീകരിക്കുന്നത്‌. കമ്പനി 2020 നവംബറിൽ 10,60,000(1.06 ദശലക്ഷം) ടൺ പെട്രോളാണ് വിറ്റത്. ഇതുകഴിഞ്ഞ വർഷം നവംബറിൽ വിറ്റതിനെക്കാൾ നാല് ശതമാനം കൂടുതലാണ്. പാചകവാതകമാകട്ടെ 10,90,000 വും (1.09 ദശലക്ഷം). ഇത് 2019 നവംബറിനെക്കാൾ 1.4 ശതമാനം കൂടുതലാണ്. മുപ്പതു ലക്ഷം (3 ദശലക്ഷം) ടൺ ഡീസലാണ് കമ്പനി ഈ കാലയളവിൽ വിറ്റത്. ഇത് 2019 നവംബറിനെക്കാൾ ഒൻപതു ശതമാനം കുറവാണ്. എന്നാൽ ഒക്ടോബറിൽ വിറ്റതിനെക്കാൾ രണ്ടു ശതമാനം കുടുതലും. വിമാന ഇന്ധനത്തിന്റെ വിൽപ്പനയിൽ കഴിഞ്ഞ നവംബറിനെക്കാൾ 45 ശതമാനത്തിന്റെ കുറവുണ്ട്.

ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ റോഡ്-റെയിൽ ഗതാഗതവും കാർഷികമേഖലയും ഏതാണ്ട് സാധാരണ നിലയിലായി എന്നാണ്. ‘‘പ്രതിരോധ മരുന്ന് വന്നതോടുകൂടി, അടിത്തറ ഭദ്രമായ ഇന്ത്യൻ സാമ്പത്തിക രംഗം ഉയർത്തെഴുന്നേൽപ്പിന്റെ നവമുകുളങ്ങൾക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ തീർച്ചയായും നിഷ്പ്രയാസം ഈ പ്രതിസന്ധിയും കടക്കും.’’ – ഐഒസി ചെയർമാൻ എസ്.എം.വൈദ്യ പറയുന്നു.

ഇനിയൽപം റിസ്ക് ആകാം, തിളക്കമൊഴിഞ്ഞ് സ്വർണവും

സാമ്പത്തിക രംഗം ഉണരാൻ തുടങ്ങിയതോടെ, ഏറ്റവും സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് കൂടുതൽ ലാഭം കിട്ടുന്നതും, എന്നാൽ അപകടം പതിയിരിക്കുന്നതുമായ ഓഹരികൾ, കടപ്പത്രങ്ങൾ, അവധി വ്യാപാരം തുടങ്ങിയവയിലേക്കു നിക്ഷേപകർ മാറി തുടങ്ങി. ഇതോടെ സ്വർണത്തിന്റെ ഇപ്പോഴത്തെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിന് അല്പം കുറവു വന്നു.

ഫൈസറിന്റെ പ്രതിരോധമരുന്ന് ഫലപ്രദമാണെന്നു വാർത്ത വന്ന നവംബർ ഒൻപതിനു തന്നെ സ്വർണവിപണി ഇടിഞ്ഞു തുടങ്ങി. അന്ന് ലണ്ടൻ ബുള്ള്യൻ മാർക്കറ്റിൽ അഞ്ചു ശതമാനം ഇടിഞ്ഞു ഒരു ടോറി ഔൺസിന് (31.1 ഗ്രാം) വില 1900 ഡോളറിന് താഴെയായി. ആ മാസത്തെ സ്വർണത്തിന്റെ ശരാശരി വില ലണ്ടനിൽ 1869 . 50 ഡോളർ ആയിരുന്നത്, ഡിസംബറിൽ അത് 1843.21 ആയി കുറഞ്ഞു. ഇന്ത്യയിലും വില താഴോട്ടു തന്നെ. ഡിസംബറിലെ (10 ഗ്രാം) ഏറ്റവും കുറഞ്ഞ വില 46,920 രൂപയും ഉയർന്ന വില 49,710 രൂപയും. നവംബറിൽ ഇത് 47,240 തും 51,230 തും ആയിരുന്നു. ഒക്ടോബറിൽ 48,900 – 50,200 രൂപയും.

ഇതെല്ലാം സൂചിപ്പിക്കുന്നത് മഹാമാരി തീർത്ത മഹാവറുതിക്ക് അറുതിയായി എന്നു തന്നെയാണ്. ലോകം പുതിയൊരു ലോകത്തേക്ക് പ്രവേശിക്കുന്നു. ഏറെ പ്രതീക്ഷകളോടെ.

LEAVE A REPLY

Please enter your comment!
Please enter your name here