ചൈനീസ് സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതിന് ശേഷം ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹം പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു മാസത്തിലേറെയായെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് ജാക്ക് മാ രംഗത്തെത്തിയത്. ചൈനയിലെ നിയന്ത്രണ സംവിധാനം നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതേത്തുടര്‍ന്ന് ആലിബാബ ഗ്രൂപ്പിനെതിരെ ചൈന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്പനി കുത്തക നയങ്ങളിലേക്ക് നീങ്ങുന്നതായി വിവരങ്ങള്‍ ലഭിച്ചുവെന്ന് വെളിപ്പെടുത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഏഷ്യയിലെ അതി സമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെയാണ് ഇപ്പോള്‍ ജാക്ക് മായെ കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജാക്ക് മാ ആരംഭിച്ച ടെലവിഷന്‍ ഷോ ‘ആഫ്രിക്കന്‍ ബിസിനസ് ഹീറോസിന്റെ’ പുതിയ എപ്പിസോഡില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും  പിന്നീട് തീരുമാനത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ കാണാനില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. ആഫ്രിക്കന്‍ ഹീറോസിന്റെ ജഡ്ജിംഗ് പാനലില്‍ ഒരാള്‍ കൂടിയായിരുന്നു ജാക്ക്. പരിപാടിയില്‍ എത്താതിരുന്നതോടെ ഷോയുടെ വെബ്‌സൈറ്റില്‍ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here