രാജകുടുംബത്തില്‍ നിന്ന് കടുത്ത അവഗണനകള്‍ നേരിട്ടിരുന്നുവെന്ന ഹാരി രാജകുമാരന്റേയും ഭാര്യ മേഗന്റേയും വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ബക്കിങ്ഹാം കൊട്ടാരം. കൊച്ചുമകന്‍ ഹാരിയുടെ വെളിപ്പെടുത്തല്‍ ഏറെ സങ്കടപ്പെടുത്തിയെന്ന് എലിസബത്ത് രാജ്ഞി പ്രതികരിച്ചു.  ഹാരി, മേഗന്‍, ആര്‍ച്ചി എന്നിവര്‍ എല്ലായ്പ്പോഴും രാജകുടുംബത്തിന് പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടേതായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

മേഗനും കുഞ്ഞിനും നേരെ വംശീയ പരാമര്‍ശങ്ങളും അവഗണനകളും ഉണ്ടായെന്ന വെളിപ്പെടുത്തലുകളില്‍ കൊട്ടാരം സ്വകാര്യ പരിശോധന നടത്തുമെന്നും വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചു. മേഗന്‍-ഹാരി ദമ്പതികളുടെ വെളിപ്പെടുത്തല്‍ ബ്രിട്ടനെയൊന്നാകെ പിടിച്ചുകുലുക്കിയിരുന്നു. തങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ കൊട്ടാരത്തില്‍ കുഞ്ഞിന്റെ നിറത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെന്നും രാജകുടുംബത്തില്‍ നിന്ന് വംശീയ അധിക്ഷേപങ്ങളും അവഗണനകളും നേരിടേണ്ടി വന്നിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഓപ്ര വിന്‍ഫ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ കൊട്ടാരത്തില്‍നിന്ന് വൈദ്യസഹായം ആവശ്യപ്പെട്ടപ്പോള്‍ അത് നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യം വളരെയധികം വേദനിപ്പിച്ചെന്നും മേഗന്‍ പറഞ്ഞു. മേഗന് ആത്മഹത്യാചിന്ത വന്ന കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതായി ഹാരി രാജകുമാരനും വെളിപ്പെടുത്തി. ഒരു സഹായത്തിനു പോലും ആരുമില്ലായിരുന്നു. ആരുമായും തുറന്നു സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികളുടെ പ്രതികരണം ബ്രിട്ടനെ ഞെട്ടിച്ചതോടെയാണ് വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം പ്രതികരണം അറിയിച്ചിരിക്കുന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here