സൂയസ്‌: സൂയസ്‌ കനാലിലെ ഗതാഗതം ഒരാഴ്ച സ്‌തംഭിപ്പിച്ച ഭീമൻ ചരക്ക്‌ കപ്പൽ എവർഗിവണിന്‌ സംഭവിച്ചത്‌ എന്തെന്നറിയാൻ വിദഗ്‌ധാന്വേഷണം ആരംഭിച്ചു. നിലവിൽ കനാലിലെ ഗ്രേറ്റ്‌ ബിറ്റർ തടാകത്തിൽ എത്തിച്ചിരിക്കുന്ന കപ്പലിൽ പരിശോധന നടത്താൻ വിദഗ്‌ധസംഘം പ്രവേശിച്ചു. ഗതിമാറ്റം സംഭവിക്കുന്നതിനു ‌മുന്നോടിയായി കപ്പലിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന ആരോപണവും പരിശോധിക്കും. കനത്ത കാറ്റിലാണ്‌ കപ്പൽ നിലവിട്ട്‌ ദിശ മാറിയതെന്നാണ്‌ പ്രാഥമിക നിഗമനമെങ്കിലും യന്ത്രത്തകരാറും മാനുഷികമായ പിഴവുകളും ഉൾപ്പെടെയുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.

20,000 കണ്ടെയ്‌നറുമായി കുടുങ്ങിക്കിടന്ന ഒരാഴ്ചയിൽ കപ്പലിന്റെ അടിത്തട്ടിൽ വളവും വിള്ളലും ഉൾപ്പെടെ തകരാറുണ്ടായിട്ടുണ്ടോ എന്നും യന്ത്രത്തകരാർ ഉണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കും. ഗ്രേറ്റ്‌ ബിറ്ററിൽവച്ചുതന്നെ അറ്റകുറ്റപ്പണി നടത്തുമോ അതോ ലക്ഷ്യസ്ഥാനമായ റോട്ടർഡാമിലേക്ക്‌ സഞ്ചാരം അനുവദിക്കാനാകുമോ എന്ന്‌ പരിശോധനയ്‌ക്കുശേഷമാകും തീരുമാനിക്കുക.

പാനമ പതാക വഹിക്കുന്ന കപ്പലിന്റെ ഉടമസ്ഥർ ജപ്പാൻ കമ്പനിയായ ഷോയി കിസൻ കൈഷ ലിമിറ്റഡാണ്‌. നടത്തിപ്പ്‌ കരാർ തായ്‌വാൻ കമ്പനിക്കും. ജീവനക്കാരെല്ലാം ഇന്ത്യക്കാർ. പരിശോധന റിപ്പോർട്ട്‌ പുറത്തുവന്നശേഷം വർഷങ്ങൾ നീളുന്ന അന്താരാഷ്ട്ര നിയമയുദ്ധമാണ്‌ എവർഗിവണിനെ കാത്തിരിക്കുന്നത്‌. 300 കോടി ഡോളറിന്റെ ഇൻഷുറൻസാണ്‌ ഷോയി കിസൻ കൈഷ ലിമിറ്റഡിനുള്ളത്‌. അതേസമയം, സൂയസിൽ ചരക്ക്‌ ഗതാഗതം പുനരാരംഭിച്ചു. ഇനിയും മുന്നൂറിലധികം കപ്പൽ മധ്യധരണ്യാഴിയിലും ചെങ്കടലിലുമായി ഊഴംകാത്ത്‌ കിടക്കുന്നു. ഗതാഗതം പൂർവ സ്ഥിതിയിലെത്താൻ നാളുകൾ ഏറെയെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here