ജോലിക്ക് പോകാതെ ശമ്പളം വാങ്ങിയത് പതിനഞ്ച് വര്‍ഷം. ഒടുവില്‍ അധികൃതരെ കബളിപ്പിച്ച 67കാരന്‍ അറസ്റ്റിലായി. ഇറ്റലിയിലാണ് സംഭവം നടന്നത്. ഇറ്റലിയിലെ കാറ്റന്‍സാരോയിലെ ആശുപത്രിയില്‍ ജോലിക്ക് പ്രവേശിച്ച സ്‌കുമസ് എന്ന വ്യക്തിയാണ് അതിവിദഗ്ദമായി അധികൃതരെ കബളിപ്പിച്ച് ശമ്പളം കൈപ്പറ്റിയത്. 2005ലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ജോലി കിട്ടിയ വര്‍ഷം മുതല്‍ നീണ്ട പതിനഞ്ച് വര്‍ഷം ഇയാള്‍ ഒരു ദിവസം പോലും ജോലിക്കായി ആശുപത്രിയില്‍ എത്തിയില്ല.

ജോലി ചെയ്തില്ലെങ്കിലും മാസാമാസം ശമ്പളം കൃത്യമായി ലഭിക്കുകയും ചെയ്തു. ആശുപത്രി ഡയറക്ടറെ ഭീഷണിപ്പെടുത്തിയാണ് സ്‌കൂമസ് ശമ്പളം കൈപ്പറ്റിയിരുന്നത്. തനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനും ശമ്പളം കൃത്യമായി നല്‍കാനുമായി ഇയാള്‍ ഡയറക്ടറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയായിരുന്നു. 2005 മുതല്‍ 2020 വരെ ജോലിയില്‍ പ്രവേശിക്കാതെ ഇയാള്‍ കൈപ്പറ്റിയത് 5,38,999 യൂറോ (ഏകദേശം 4,86,53,028 രൂപ)യാണ്.

ഒടുവില്‍ സംശയം തോന്നിയ ജീവനക്കാരില്‍ ചിലര്‍ ചേര്‍ന്ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്‌കൂമസിനെതിരെ അന്വേഷണം നടന്നത്. സ്‌കുമസിനെതിരെ തട്ടിപ്പ്, കൊള്ളയടി, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കാര്യങ്ങളുടെ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് വ്യാജ രേഖ നിര്‍മ്മിച്ച് നല്‍കിയതിന് ആശുപത്രിയിലെ നാല് ജീവനക്കാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here